പ്രധാനമന്ത്രിയുടെ കാലിൽ വീണ് നിതീഷ് കുമാർ ബീഹാറിനെ അപമാനിച്ചു; പ്രശാന്ത് കിഷോർ
India
പ്രധാനമന്ത്രിയുടെ കാലിൽ വീണ് നിതീഷ് കുമാർ ബീഹാറിനെ അപമാനിച്ചു; പ്രശാന്ത് കിഷോർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 3:19 pm

പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി ഇന്ത്യൻ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. അധികാരത്തിൽ കയറാൻ നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലിൽ വീണെന്നായിരുന്നു വിമർശനം. . ഭഗൽപൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നിതീഷ്കുമാറിനൊപ്പം പ്രവർത്തിച്ച നിങ്ങൾ ഇപ്പോഴെന്തുകൊണ്ടാണ് നിതീഷ് കുമാറിനെ വിമർശിക്കുന്നതെന്ന് നിരവധിപേർ എന്നോട് ചോദിച്ചു.അന്നത്തെ ആളായിരുന്നില്ല നിതീഷ്‌ കുമാർ. ഇന്നദ്ദേഹം സ്വന്തം മനഃസാക്ഷിപോലും വിൽപ്പനക്ക് വെച്ചിരിക്കുകയാണ്.

ഒരു സംസ്ഥാനത്തിന്റെ നേതാവ് അവിടുത്തെ ജനങ്ങളുടെ അഭിമാനമായിരിക്കണം. എന്നാൽ നിതീഷ് കുമാർ പ്രധാനമന്ത്രിയുടെ കാലിൽ വീണ് സ്വന്തം സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി,’ പ്രശാന്ത് കിഷോർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെ.ഡി.യു. 12 സീറ്റുകളിൽ വിജയിച്ച് ബി.ജെ.പിയുടെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായിരുന്നു.

മോദിയുടെ തിരിച്ചുവരവിൽ നിതീഷ് കുമാറിന് വലിയ പങ്കുണ്ടെന്നും എന്നാൽ അദ്ദേഹം തന്റെ സ്വാധീനം സ്വന്തം സംസ്ഥാനത്തിന് വേണ്ടി ഉപയോഗിക്കുന്നില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു..

‘മോദിയുടെ മൂന്നാം തിരിച്ചുവരവിൽ നിതീഷ് കുമാറിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിനവിടെ സ്വാധീനമുണ്ട്. എന്നാൽ ആ സ്വാധീനം നിതീഷ് കുമാർ എങ്ങനെയാണ് ഉപയോഗിക്കുന്നത്? അദ്ദേഹം തന്റെ സ്വാധീനം സ്വന്തം സംസ്ഥാനത്തിന് വേണ്ടി ഉപയോഗിക്കുന്നില്ല. മറിച്ച് തന്റെ അധികാരം നിലനിർത്താൻ മോദിയുടെ കാല് തൊട്ട് വന്ദിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

 

2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിലൂടെയാണ് പ്രശാന്ത് കിഷോർ പ്രസിദ്ധനാകുന്നത്. അദ്ദേഹം മമത ബാനർജി , അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ പ്രസിദ്ധ രാഷ്ട്രീയക്കാർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. 2021ൽ അദ്ദേഹം പൊളിറ്റിക്കൽ കൺസൾട്ടൻസി ഉപേക്ഷിക്കുകയായിരുന്നു.

 

Content Highlight : Prashanth Kishore said  Nitheesh kumar  shamed bihar when he touched PM Modi’s feet