ന്യൂദല്‍ഹി: ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്താനുള്ള നീക്കത്തെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍.
പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായ നടപടിയാണ് യോഗി ആദിത്യനാഥിന്റെയും കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെയുമെന്ന് ഭൂഷണ്‍ പറഞ്ഞു.
ഒരാളേയും നിര്‍ബന്ധിച്ച് നുണപരിശോധന നടത്താന്‍ പാടില്ലാ എന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും അത് ഭരണഘടനയ്ക്ക് നിരക്കാത്തതും പീഡനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളൊക്കെ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ നുണ പരിശോധന നടത്താനാണ് യു.പി എസ്.ഐ ആവശ്യപ്പെടുന്നത്. ബിഷ്ട്ടും( യോഗി ആദിത്യനാഥ്) അദ്ദേഹത്തിന്റെ പ്രത്യേക അന്വേഷണ സംഘവും നിയമവാഴ്ചയെ പരിഹസിക്കുന്നത് തുടരുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നത് തടയാന്‍ ശ്രമിച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെയും ഭൂഷണ്‍ രംഗത്തെത്തിയിരുന്നു.
യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നെന്നും രാഹുലിന്റെയും പ്രിയങ്കയുടേയും പ്രവൃത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Prashanth Bushan Slams Yogi Adhithya Nath On Hathras Rape