ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും ഹാത്രാസിലേക്ക് പോകുന്ന വഴി യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഹാത്രാസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കെ.യു.ഡബ്ല്യു.ജെ ദല്‍ഹി ഘടകം സെക്രട്ടറിയെ തീവ്രവാദ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത് ഉത്തര്‍പ്രദേശിലെ വഞ്ചകന്‍ അഴിച്ച് വിടുന്ന ഭീകരതയാണ്. അയാളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ബുധനാഴ്ചയാണ് ഹാത്രാസിലേക്ക് പോകുന്ന വഴി മധുരയില്‍ വെച്ച് സിദ്ദീഖ് കാപ്പനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തു.
സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. സിദ്ദീഖിനെ കസ്റ്റഡിയിലെടുത്തത് സുപ്രീം കോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ. വില്‍സ് മാത്യൂസ് മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകനെ വിട്ടയക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ കേരള, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരോടും ഡി.ജി.പി മാരോടും ആവശ്യപ്പെടുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും സെക്രട്ടറി അബ്ദുള്‍ മുജീബും പ്രസ്താവനയില്‍ അറിയിച്ചു.
ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യുപി പോലീസ് അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു.
അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ഭാരവാഹികളായ മൂന്നു പേരെയും സിദ്ദീഖിനൊപ്പം യു. പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹാത്രാസ് കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ഹാത്രാസ് കേസില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാണിച്ച് യു. പി പൊലീസ് ഫയല്‍ ചെയ്ത കേസിലെ വൈരുദ്ധ്യങ്ങളും അബദ്ധങ്ങളും തുറന്നുകാട്ടി ഭൂഷണ്‍ രംഗത്തെത്തിയിരുന്നു.
പൊലീസുകാരും അവരുടെ ഏമാന്മാരും തമ്മില്‍ നടന്ന ഗുഢാലോചനയാണിതെന്നാണ് പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലെഴുതി.
കഴിഞ്ഞ ദിവസമാണ് ഹാത്രാസ് കേസില്‍ യു.പി പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും രാജ്യാന്തര ഗൂഢാലോചന നടന്നെന്നും എഫ്.ഐ.ആറില്‍ പറയുന്നു. justiceforhathrasvictim.carrd.co എന്ന വെബ്സൈറ്റിന് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഒക്ടോബര്‍ മൂന്നിനും നാലിനുമാണ് ഈ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും ഇത് എവിടെയും സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗ് കണ്ടെത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന വെബ്സൈറ്റ് സ്‌ക്രീന്‍ ഷോട്ടുകളടക്കം രോഹിണി സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ‘ഇപ്പോള്‍ പബ്ലിഷ് ചെയ്യപ്പെടുകയും ആരും സര്‍ക്കുലേറ്റ് ചെയ്യുകയും ചെയ്യാത്ത ഒരു വെബ്സൈറ്റിനെ കുറിച്ച് കണ്ടെത്തിയ യു.പി പൊലീസിന്റെ കാര്യക്ഷമത’ എന്നായിരുന്നു രോഹിണി ട്വീറ്റ് ചെയ്തത്. ഇത് റീട്വീറ്റ് ചെയ്തുക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ യു.പി സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക