| Monday, 14th September 2020, 5:19 pm

പിഴയടച്ചതിനര്‍ത്ഥം കോടതി വിധി അംഗീകരിച്ചു എന്നല്ല; കോടതിയലക്ഷ്യ കേസില്‍ പുനപരിശോധനാ ഹരജിയുമായി പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പുനപരിശോധനാ ഹരജിയുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഒരു രൂപ പിഴയടച്ചതിനര്‍ത്ഥം കേസില്‍ നിന്ന് പിന്‍മാറിയെന്നല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

തനിക്ക് സുപ്രിംകോടതി വിധിച്ച ഒരു രൂപ പിഴ തരാന്‍ തയ്യാറായി രാജ്യത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേരെത്തിയെന്നും അവര്‍ ആ തുക ട്രൂത്ത് ഫണ്ട് എന്ന പേരിലാണ് തന്നെ ഏല്‍പ്പിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാരിനോട് വിയോജിച്ചതിന്റെ പേരില്‍ ജയിയിലടയ്ക്കപ്പെട്ടവര്‍ക്കായി ഈ തുക സമാഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യക്കേസുകളില്‍ ശിക്ഷ ലഭിക്കുന്നവര്‍ക്ക് അപ്പീലിന് അവകാശമുണ്ടെന്നും ഇതിന് നിയമത്തില്‍ വ്യവസ്ഥയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.

ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.

പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്‌സിംഗ് തുടങ്ങി നിരവധി പേര്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashanth Bhushan On Contempt of Court

We use cookies to give you the best possible experience. Learn more