| Tuesday, 4th August 2020, 9:03 am

അഭിപ്രായസ്വാതന്ത്ര്യം കോടതിയലക്ഷ്യമല്ല; സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷണിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തെ കോടതിയലക്ഷ്യമായി കാണാനാകില്ലെന്ന് സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു കോടതിയില്‍ നിന്ന് തന്നെ വരുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നതിനെതിരെ കോടതിയലക്ഷ്യത്തിന്റെ അധികാരം ഉപയോഗിച്ച് നടപടിയെടുക്കുന്നത് ശരിയല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചു.

‘തുറന്നു പറച്ചിലുകളായാലും എതിരഭിപ്രായങ്ങളായാലും അപ്രിയകാര്യങ്ങളായാലും ഒരാളുടെ അഭിപ്രായ പ്രകടനത്തെ കോടതിയലക്ഷ്യമായി കാണാന്‍ കഴിയില്ല,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ബോബ്‌ഡെ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത് കഴിഞ്ഞ മൂന്നു മാസത്തിലേറെയായി കോടതിയുടെ ഭൗതികേതര പ്രവര്‍ത്തനങ്ങളില്‍ എനിക്കുള്ള
ദുഃഖം പങ്കുവെക്കാനാണെന്നും മറുപടിയായി അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.

‘രാജ്യത്ത് തടവില്‍ കഴിയുന്നവര്‍, നിരാലംബരായവര്‍, ദരിദ്രര്‍, തുടങ്ങി മൗലീകാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി പേരെ അഭിസംബോധന ചെയ്യാന്‍ കോടതി തയ്യാറാവുന്നില്ല എന്നത് തന്നെ ദുഃഖത്തിലാഴ്ത്തുന്നത് കാണിക്കാനാണ് അത്തരമൊരു ട്വീറ്റ് ചെയ്തത്,’പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ജൂണ്‍ 27ലെ തന്റെ ട്വീറ്റ് സുപ്രീം കോടതിയുടെ കടമയെയും രാജ്യത്ത് 60 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സ്ഥിതിഗതികളെയും കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായമാണെന്നും അദ്ദേഹം കുറിച്ചു.

‘സുപ്രീംകോടതിയെക്കുറിച്ചും കോടതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും എനിക്കുള്ള സത്യസന്ധമായ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഭരണഘടനയില്‍ ഏറ്റവും വിലമതിക്കാത്തതായി കണക്കാക്കുന്ന ഒന്നാണ് ആളുകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 19 (1)(a) എന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഓഗസ്റ്റ് അഞ്ചിന് പ്രശാന്ത് ഭൂഷണെതിരായി സുപ്രീം കോടതി സ്വമേധയാ നടപടിയെടുത്ത കോടയിലക്ഷ്യത്തിന്റെ വിചാരണ.

നേരത്തെ പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ നടപടികളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും മുന്‍ ചീഫ് ജസ്റ്റിസ്മാരേയും സുപ്രീംകോടതിയേയും പ്രശാന്ത് ഭൂഷണ്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് സുപ്രീംകോടതി സ്വമേധയ ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

ചീഫ് ജെസ്റ്റിസ് ബോബ്‌ഡെ ഹെല്‍മറ്റും മാസ്‌കും ഇല്ലാതെ ഡേവിസണ്‍ ആഢംബര ബൈക്കില്‍ കയറിയിരുന്ന നടപടിക്കെതിരെയായിരുന്നു ഭൂഷണ്‍ ട്വിറ്ററില്‍ വിമര്‍ശിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ്മാര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഔപചാരികമായ അടിയന്തരാവസ്ഥയില്ലാതെ പോലും ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണാന്‍ ചരിത്രകാരന്മാര്‍ കഴിഞ്ഞ 6 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഈ നാശത്തില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ചും കഴിഞ്ഞ 4 സി.ജെ.ഐകളുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും എന്നായിരുന്ന ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more