| Tuesday, 13th October 2020, 7:08 pm

ഇതെല്ലാം കൂടെ നമ്മളെ ആ പഴയ കാലത്തേക്ക് കൊണ്ടുപോകും; ചാണക ചിപ്പ് റേഡിയേഷന്‍ തടയുമെന്ന വാദത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാണകം കൊണ്ട് നിര്‍മിച്ച ചിപ്പ് റേഡിയേഷന്‍ തടയും എന്ന രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.

കാറ്റാടിയില്‍ നിന്ന് ഓക്‌സിജനും വെള്ളവും വേര്‍തിരിക്കാമെന്ന നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

‘ഈ സര്‍ക്കാരിന്റെ ചാണക ശാസ്ത്രവും സാങ്കേതികവിദ്യയും. ഞങ്ങളുടെ ചീഫ് സയന്റിസ്റ്റ് കാറ്റാടിയന്ത്രങ്ങളില്‍ നിന്ന് വെള്ളവും ഓക്‌സിജനും വേര്‍തിരിച്ചെടുക്കും. അദ്ദേഹത്തിന്റെ മറ്റ് ലെഫ്റ്റനന്റുമാര്‍ കൊവിഡിനെ പപ്പടം കൊണ്ടും ഗോ കൊറോണ മന്ത്രം മുഴക്കിയും നാടുകടത്തുകയും ചെയ്യും! നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്’, എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ പശുവിന്റെ ചാണകത്തില്‍ നിന്നുണ്ടാക്കുന്ന ചിപ്പ് റേഡിയേഷന്‍ തടയുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.

ഗോസ്തുഭ കവച് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രാജ്‌കോട്ട് ആസ്ഥാനമാക്കിയുള്ള ശ്രീജി ഗോശാലയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയ പറഞ്ഞിരുന്നു.

നേരത്തെ കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനെയും പ്രശാന്ത് ഭൂഷണ്‍ പരിഹസിച്ചിരുന്നു.

ഇന്ത്യയുടെ അഗ്രഗണ്യനായ ശാസ്ത്രജ്ഞനായ മോദിയുടെ കണ്ടുപിടിത്തം ശരിക്കും നോബേല്‍ സമ്മാനത്തിന് അര്‍ഹമാണെന്നാണ് ഭൂഷണ്‍ പരിഹസിച്ചത്.

കാറ്റാടി യന്ത്രം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാനും വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിക്കാനും സാധിക്കുമെന്നാണ് വെസ്റ്റാസ് സി.ഇ.ഒ ഹെന്റിക് ആന്‍ഡേഴ്‌സണുമായി മോദി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ സംഭാഷണത്തില്‍ പറഞ്ഞത്.

മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

‘മോദിയ്ക്ക് ഒരു കാര്യം അറിയില്ല എന്നതല്ല നമ്മുടെ രാജ്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. മറിച്ച് അദ്ദേഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് അദ്ദേഹത്തോട് തുറന്നുപറയാനുള്ള ധൈര്യം ചുറ്റുമുള്ള ആര്‍ക്കും ഇല്ല എന്നതാണ്’, എന്നായിരുന്നു രാഹുല്‍ വീഡിയോയ്ക്ക് ഒപ്പം എഴുതിയത്.

വിന്റ് എനര്‍ജി സെക്ടറുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളായിരുന്നു പ്രധാനമന്ത്രി ആന്‍ഡേഴ്‌സണുമായി സംസാരിച്ചത്.

കാറ്റാടി യന്ത്രത്തിന്റെ സഹായത്തോടെ വായുവിലെ ഈര്‍പ്പം ഉപയോഗിച്ച് കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഹെന്റിക് ആന്‍ഡേഴ്‌സണോട് മോദി പറയുന്നത്.

ഇതു മാത്രമല്ല കാറ്റാടി യന്ത്രങ്ങള്‍ ഉപയോഗിച്ച് വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാമെന്നും വെള്ളവും ഊര്‍ജ്ജവും ഓക്‌സിജനും ഒരൊറ്റ കാറ്റാടി യന്ത്രത്തില്‍ നിന്ന് ലഭിക്കുമെന്നും മോദി പറയുന്നുണ്ട്. ഇക്കാര്യം വേണമെങ്കില്‍ ശാസ്ത്രജ്ഞര്‍ക്ക് പരീക്ഷണവിധേയമാക്കാമെന്നും മോദി പറഞ്ഞുവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prasanth Bhushan Mocks Cow Dung Chip Narendra Modi Wind Mills

We use cookies to give you the best possible experience. Learn more