ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ ചുമത്തിയ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചു.
ഒരു രൂപ പിഴ ശിക്ഷയാണ് ഭൂഷണ് വിധിച്ചിരിക്കുന്നത്. പ്രശാന്ത് ഭൂഷണ് ഒരു രൂപയടക്കാന്‍ തയ്യാറായില്ലെങ്കില് മൂന്ന് മാസം ജയിലില്‍ കഴിയേണ്ടി വരും. കൂടാതെ പ്രാക്ടീസില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹത്തെ വിലക്കുകയും ചെയ്യും. സെപ്റ്റംബര്‍ 15 നകം പിഴയായ ഒരു രൂപ അടയ്ക്കാന്‍ കോടതി പറഞ്ഞു.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ആഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയില്‍ നടന്ന വാദത്തില്‍ പാരമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാല്‍ താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ തീരുമാനം പുനരാലോചിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നല്‍കി.
എന്നാല്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ മൂന്നംഗ ബെഞ്ചിനെ അറിയിച്ചിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29 ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27 നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.
ഔദ്യോഗിക അടിയന്തരാവസ്ഥ ഇല്ലാത്തപ്പോള്‍ തന്നെ കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്ന് ഭാവിയില്‍ പരിശോധിക്കുന്ന ചരിത്രകാരന്‍മാര്‍, ഈ നശീകരണത്തില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ തന്നെ നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പങ്കും പ്രത്യേകമായി അടയാളപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്.
prashant bhushan court contempt case verdict out-