ന്യൂദല്‍ഹി: കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ ഒരു സംഘം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് വൈരാഗ്യമുള്ളവരാണ് ചേംബറില്‍ കയറി അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതെന്നാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന വീഡിയോയുടെ ഉള്ളടക്കം. നിരവധി പേരാണ് ഈ വാര്‍ത്ത ഏറ്റെടുത്ത് രംഗത്തെത്തിയത്.
ദേശീയ മാധ്യമമായ ടൈംസ് നൗവിലും ഈ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 29 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രശാന്ത് ഭൂഷണെ ‘ശ്രീരാമ സേനാംഗങ്ങള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍’ എന്ന് പറയുന്നുമുണ്ട്.
എന്നാല്‍ ഒമ്പത് വര്‍ഷം പഴക്കമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് ഫാക്ട്‌ചെക്കിംഗ് സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2011 ഒക്ടോബര്‍ 12 ന് നടന്ന സംഭവമാണിത്. ടൈംസ് നൗവുമായുള്ള അഭിമുഖത്തിനിടെയാണ് ഈ മര്‍ദ്ദനം ഉണ്ടായത്. തന്റെ ചേംബറില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ മൂന്ന് പേര്‍ അദ്ദേഹത്തിന്റെ ചേംബറിലേക്ക് അതിക്രമിച്ചു കയറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമര്‍ശത്തില്‍ ക്ഷുഭിതരായ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. അന്ന് തന്നെ നിരവധി ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്.
ഈ ദൃശ്യങ്ങളാണ് പ്രശാന്ത് ഭൂഷന്റെ കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിക്കപ്പെടുന്നത്.
പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. എന്ന് വിധി പറയുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ദേഹത്തോട് ചോദിച്ചിരുന്നു. 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള അഭിഭാഷകന്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു.
‘മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പം. മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളത്. മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാന്‍ കഴിയുന്ന വാക്കാണ്’, അരുണ്‍ മിശ്ര പറഞ്ഞു.
ജഡ്ജിമാരും അഭിഭാഷകരും ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ ഭാഗമാണെന്നും ഒന്നിച്ച് നിന്നാണ് അതിന്റെ മഹത്വം ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതു സംബന്ധിച്ചാണ് സുപ്രീംകോടതിയില്‍ വാദം നടന്നത്. കേസില്‍ അന്തിമ നിലപാട് പറയാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി അവസാനഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന വാദം അറ്റോര്‍ണി ജനറല്‍ ആവര്‍ത്തിച്ചു. പ്രശാന്ത് ഭൂഷണിന് താക്കീത് നല്‍കി വിട്ടയക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയോട് പറഞ്ഞത്.
ജുഡീഷ്യറിയിലെ അഴിമതിയെ പറ്റി ഇതിനു മുമ്പും മുന്‍ ജഡ്ജിമാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
‘ ഈ പ്രസ്താവനകള്‍ കോടതിയെ പരിഷ്‌കരിക്കാനാണ് ആവശ്യപ്പെടുന്നത്. അവര്‍ നീതിയുടെ ഭരണം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു,’ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കുകയാണെങ്കില്‍ എന്ത് ശിക്ഷ നല്‍കണം എന്ന് ജസ്റ്റിസ് അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ചിരുന്നു. കോടതിക്ക് പ്രശാന്ത് ഭൂഷണോട് സംസാരിക്കണമെങ്കില്‍ ഭൂഷണ്‍ അതിന് തയ്യാറാണ് എന്നായിരുന്നു രാജീവ് ധവാന്റെ മറുപടി.
സുപ്രീം കോടതിയ്ക്കും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്കുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\