| Saturday, 1st August 2020, 5:53 pm

കോടതിയലക്ഷ്യ നടപടിക്കിടെ 'ക്രിമിനല്‍ അവഹേളന'ത്തിന്റെ നിയമ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി നല്‍കി പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 2(സി)(i)യുടെ ഭരണഘടനാ സാധുതയെ ചോദ്യചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.റാം മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി എന്നിവരും പ്രശാന്ത് ഭൂഷണൊപ്പം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ വകുപ്പ് ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും (ആര്‍ട്ടിക്കിള്‍ 19), നിയമത്തിന് മുന്നിലെ സമത്വത്തിനും (ആര്‍ട്ടിക്കിള്‍ 14) എതിരാണെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.

ജൂഡീഷ്യറിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് പ്രഷാന്ത് ഭൂഷണെതിരെയുള്ള രണ്ട് കോടതിയലക്ഷ്യ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടയിലാണ് കോടതിയലക്ഷ്യ നിയമത്തിനെതിരെ ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ജൂലൈ 22നാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകളെ ചൂണ്ടിക്കാട്ടി ജുഡീഷ്യറിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

തുടര്‍ന്ന് പ്രശാന്ത് ഭൂഷണെതിരെ 2009 മുതല്‍ തീര്‍പ്പാകാതെ കിടന്നിരുന്ന മറ്റ് കോടതിയലക്ഷ്യ പരാതികള്‍ കൂടി പരിഗണിച്ച് വിചാരണ ആരംഭിക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. രണ്ട് കേസുകളുടെ വിചാരണ ആഗസ്റ്റ് നാലിനും അഞ്ചിനും ആരംഭിക്കും.

കോടതിയലക്ഷ്യ നിയമത്തിന്റെ ഉപവിഭാഗം ഭരണഘടനാ വിരുദ്ധമാണെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയത്. ഇത് ഭരണഘടനയുടെ ആമുഖത്തിലെ മൂല്യങ്ങളോടും അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ വകുപ്പെന്നും ഏകപക്ഷീയമാണെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 2(സി) (i) ക്രിമിനല്‍ അവഹേളനത്തെയാണ് സൂചിപ്പിക്കുന്നത്.

കോടതിയെ വാക്കുകളിലൂടെയോ, സംസാരത്തിലൂടെയോ, എഴുത്തിലൂടെയോ, ചിഹ്നങ്ങളിലൂടെയോ, ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ അവഹേളിക്കുന്നത്, അല്ലെങ്കില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നത്, അല്ലെങ്കില്‍ കോടതിയുടെ അധികാരത്തെ തരംതാഴ്ത്തിക്കാണിക്കുന്നതോ അതിന് ശ്രമിക്കുന്നതോ ഈ വകുപ്പില്‍ പെടുന്നതാണ്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയും മുന്‍ ചീഫ് ജസ്റ്റിസ്മാരേയും സുപ്രീംകോടതിയേയും പ്രശാന്ത് ഭൂഷണ്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് സുപ്രീംകോടതി സ്വമേധയ ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

ചീഫ് ജെസ്റ്റിസ് ബോബ്ഡെ ഹെല്‍മറ്റും മാസ്‌കും ഇല്ലാതെ ഡേവിസണ്‍ ആഢംബര ബൈക്കില്‍ കയറിയിരുന്ന നടപടിക്കെതിരെ ഭൂഷണ്‍ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ്മാര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഔപചാരികമായ അടിയന്തരാവസ്ഥയില്ലാതെ പോലും ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണാന്‍ ചരിത്രകാരന്മാര്‍ കഴിഞ്ഞ 6 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഈ നാശത്തില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ചും കഴിഞ്ഞ 4 സി.ജെ.ഐകളുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും എന്നായിരുന്ന ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more