| Thursday, 22nd July 2021, 2:24 pm

ജനാധിപത്യമെന്ന് പറയുന്നു, നടക്കുന്നത് അടിയന്തരാവസ്ഥകാലത്തിന് സമാനമായ അവകാശ ലംഘനങ്ങള്‍; ദൈനിക് ഭാസ്‌കര്‍ റെയ്ഡില്‍ പ്രശാന്ത് ഭൂഷണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.

കേന്ദ്രത്തിന് എങ്ങനെ ഇത്രയധികം ധിക്കാരം കാണിക്കാന്‍ കഴിയുന്നുവെന്നാണ് ഭൂഷണ്‍ ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ മോദി സര്‍ക്കാരിന്റെ കാലത്തെ കൊവിഡ് മരണങ്ങള്‍, പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തല്‍ ഇവയെല്ലാം പുറത്തുകൊണ്ടുവന്ന ദൈനിക് ഭാസ്‌കര്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരിക്കുകയാണ്. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് എങ്ങനെ ഇത്രയും ധിക്കാരിയാകാന്‍ കഴിയുന്നു. ജനാധിപത്യകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എങ്കിലും അടിയന്തരാവസ്ഥക്കാലം പോലെയുള്ള അവകാശ ലംഘനങ്ങളാണ് ചുറ്റും നടക്കുന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു.

‘കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഉണ്ടായ നാശങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നിങ്ങള്‍ ഗോഡി മീഡിയയെപ്പോലെ ഇഴഞ്ഞില്ലെങ്കില്‍ അതിനുള്ള വില കൊടുക്കേണ്ടി വരും,’ എന്നായിരുന്നു മഹുവ പറഞ്ഞത്.

ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്ത കൊടുക്കുന്ന മാധ്യമസ്ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. കൊവിഡ് നിയന്ത്രണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നും ദൈനിക് ഭാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന റിപ്പോര്‍ട്ടും ദൈനിക് ഭാസ്‌കറിന്റേതായിരുന്നു.

രാജ്യത്തെ എല്ലായിടത്തുമായി വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള മാധ്യമസ്ഥാപനാണ് ദൈനിക് ഭാസ്‌കര്‍. മധ്യപ്രദേശാണ് ആസ്ഥാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Prashanth Bhushan Aganist Union Government

We use cookies to give you the best possible experience. Learn more