ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിലെ ആദ്യ പാട്ടിൽ പ്രണവ് മീശ പിരിക്കുന്ന ഒരു സീനുണ്ട്. മീശ പിരിക്കാൻ പ്രണവിനോട് പറഞ്ഞപ്പോൾ മോഹൻലാലിനെ അനുകരിക്കുമെന്ന് പറഞ്ഞ് നിരസിച്ചെന്നും പിന്നീട് സെറ്റ് അസ്സോസിയേറ്റ് പ്രശാന്ത് അമരവിള പറഞ്ഞിട്ടാണ് അത് ചെയ്തതെന്നും വിനീത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
വിനീത് ശ്രീനിവാസൻ തന്റെ പേര് പറഞ്ഞപ്പോൾ ഒരുപാട് കോളുകൾ വന്നിരുന്നെന്ന് പ്രശാന്ത് അമരവിള. വിനീത് തന്റെ പേര് പറയുമെന്ന് താൻ കരുതിയില്ലെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രശാന്ത് അമരവിള.
‘എനിക്ക് ഒരുപാട് കോളുകൾ വന്നിരുന്നു. വിനീതേട്ടൻ എന്റെ പേര് പറയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. വിനീതേട്ടൻ ആ പേര് പറഞ്ഞപ്പോൾ കൗമുദി ടീം വരെ എന്നെ തേടി എത്തി. എന്നെ സംബന്ധിച്ചത് അത് ഒരു ഭാഗ്യമാണ്. വിനീതേട്ടൻ പറഞ്ഞിട്ട് കേൾക്കാത്തത് സെറ്റിൽ നിൽക്കുന്ന ഒരാൾ ആയ ഞാൻ പറഞ്ഞപ്പോൾ അവൻ അംഗീകരിച്ചപ്പോൾ എനിക്ക് നല്ല സന്തോഷം തോന്നി.
ഞാനും അപ്പുവും നല്ല കമ്പനിയാണ്. ഹൃദയം മുതലാണ് ഞാൻ അവനെ പരിചയപ്പെടുന്നത്. ഹൃദയത്തിൽ ചില കാര്യങ്ങൾ ആശാൻ അറിയാതെ ഞാൻ പറഞ്ഞു കൊടുക്കും. ഇങ്ങനെ ചെയ്താൽ കൊള്ളാം അങ്ങനെ ചെയ്താൽ കൊള്ളാം എന്നൊക്കെ. അതൊക്കെ അവൻ ചെയ്യാറുണ്ട്. ചെയ്തിട്ട് കൈയ്യടി കിട്ടിയാൽ എന്റെ പേര് പറയുക തെറി വിളി കിട്ടിയാൽ എന്റെ പേര് പറയല്ലേ എന്ന് പറയും,’ പ്രശാന്ത് അമരവിള പറഞ്ഞു.
അതേസമയം’ വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുകയാണ്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരോടൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: Prashanth amaravila about vineeth’s interview