ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിലെ ആദ്യ പാട്ടിൽ പ്രണവ് മീശ പിരിക്കുന്ന ഒരു സീനുണ്ട്. മീശ പിരിക്കാൻ പ്രണവിനോട് പറഞ്ഞപ്പോൾ മോഹൻലാലിനെ അനുകരിക്കുമെന്ന് പറഞ്ഞ് നിരസിച്ചെന്നും പിന്നീട് സെറ്റ് അസ്സോസിയേറ്റ് പ്രശാന്ത് അമരവിള പറഞ്ഞിട്ടാണ് അത് ചെയ്തതെന്നും വിനീത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രണവിനോട് മീശ പിരിക്കാൻ പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ആർട്ട് ഡയറക്ടറും നടനുമായ പ്രശാന്ത് അമരവിള. താൻ പ്രണവിന്റെ അടുത്ത് പോയി ചെവിയിൽ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞെന്നും അത് എന്താണെന്നും തനിക്ക് ഓർമ ഇല്ലെന്നും പ്രശാന്ത് പറയുന്നുണ്ട്. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ പാട്ടിനിടയിൽ ഒന്ന് മീശ പിരിക്കണമായിരുന്നു. മീശ പിരിക്കാൻ വേണ്ടി വിനീതേട്ടൻ പറഞ്ഞു. അപ്പോൾ ഇത് വേണ്ട ലാലേട്ടൻ അനുകരിക്കുന്ന പോലെ ആവുമല്ലോ എന്ന് വിചാരിച്ചിട്ട് വേണ്ടാന്ന് അപ്പു പറഞ്ഞു. അങ്ങനെ ആശാൻ എന്റെ അടുത്തു വന്നു. ഞാൻ ആശാൻ എന്നാണ് വിനീതേട്ടനെ വിളിക്കുന്നത്.
അമരൂ എന്നാണ് വിനീതേട്ടൻ എന്നെ വിളിക്കുന്നത്. അമരൂ ഒന്നു മീശ പിരിപ്പിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ആശാനേ ഒറ്റ സെക്കൻഡ് ഞാൻ ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞ് നേരെ അവന്റെ അടുത്തു പോയി. അവന്റെ ചെവിയിൽ എന്തോ ഞാൻ പറഞ്ഞു. എന്താണെന്ന് എനിക്ക് ഓർമയില്ല.
ചെവിയിൽ ഞാൻ ഒന്ന് രണ്ട് തവണ ഒരു കാര്യം പറഞ്ഞു. അവൻ തലയാട്ടിയിട്ട് പോയി. ആക്ഷൻ പറഞ്ഞപ്പോൾ മീശയും പിരിച്ചു വേറൊരു സാധനവും ചെയ്തു. ആ ലൊക്കേഷൻ നമ്മൾ നല്ല കാര്യം ചെയ്താൽ എല്ലാവരും കൈയ്യടിച്ച് ജയ് വിളിയൊക്കെ ഉണ്ട്. അങ്ങനെ ഒരു സെറ്റാണ്. ശരിക്കും പറഞ്ഞാൽ ടൂർ പോകുന്ന പോലെയാണ് വിനീതേട്ടന്റെ സെറ്റ്. ഡയറക്ടർ ആണെന്നുള്ള ഭാവമൊന്നുമില്ല. അഭിനയിക്കാൻ വരുന്ന സൈഡ് ആർട്ടിസ്റ്റ് വരെ കൂൾ ആണ്,’ പ്രശാന്ത് അമരവിള പറഞ്ഞു.
Content Highlight: Prashanth amaravila about connection with pranav mohanlal