| Friday, 7th April 2023, 4:01 pm

ചാന്‍സിന് വേണ്ടി മമ്മൂക്ക സിനിമക്കാര്‍ക്ക് സിഗരറ്റ് വാങ്ങി കൊടുക്കും, അവിടെ തന്നെ നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ വാങ്ങാതായി: പ്രശാന്ത് അലക്‌സാണ്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് കയറിപ്പറ്റാനായി മമ്മൂട്ടി നടത്തിയ കഷ്ടപ്പാടുകളെ പറ്റി പറയുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ചാന്‍സിന് വേണ്ടി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങളൊക്കെ കേള്‍ക്കേണ്ടതാണെന്നും മമ്മൂട്ടി സിനിമയിലേക്ക് കയറിയത് അത്ഭുതമാണെന്നും പ്രശാന്ത് പറഞ്ഞു.

സിനിമയുടെ എഴുത്ത് നടക്കുന്നു എന്നറിഞ്ഞാല്‍ മമ്മൂട്ടി അവിടെ പോയി നില്‍ക്കുമെന്നും സിനിമാക്കാര്‍ക്ക് സിഗരറ്റ് വാങ്ങി നല്‍കുമായിരുന്നുവെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് പറഞ്ഞു.

‘മമ്മൂക്ക സിനിമയിലേക്ക് എത്തിയത് തന്നെ ഭയങ്കര അത്ഭുതമാണ്. മമ്മൂക്ക പറയുന്നത് കേട്ടാല്‍ മനസിലാവും. ചാന്‍സ് ചോദിച്ച് പോയി നിന്നതൊക്കെ പറയുന്നത് കേള്‍ക്കണം. മമ്മൂക്ക കോളേജില്‍ പഠിക്കുന്ന സമയത്ത് ഏതെങ്കിലും സിനിമയുടെ എഴുത്ത് നടക്കുന്നുണ്ടെന്ന് അറിയുമ്പോഴേ അവിടേക്ക് പോകും. ഒപ്പം സിഗരറ്റും കൊണ്ട് പോവും. അതുകൊണ്ട് അവരും പ്രോത്സാഹിപ്പിക്കും.

പക്ഷേ രണ്ട് സിഗരറ്റ് അവര്‍ മേടിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ മമ്മൂക്ക അവിടെ നില്‍ക്കും, പോകത്തില്ല. അവസാനം പുള്ളിയുടെ കയ്യില്‍ നിന്നും സിഗരറ്റ് മേടിച്ച് വലിക്കാതെയായി.

സിനിമക്ക് വേണ്ടി അത്രത്തോളം അധ്വാനിച്ച മനുഷ്യനാണ് മമ്മൂക്ക. അതിന് ശേഷം അദ്ദേഹം സിനിമയില്‍ നായകനായി, സൂപ്പര്‍ സ്റ്റാറായി. അതുകഴിഞ്ഞ് പല പ്രാവശ്യം അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു എന്ന നിലയിലേക്ക് വന്നിട്ട് തിരിച്ചുവന്നിട്ടുണ്ട്. എത്രയോ ന്യൂദല്‍ഹികള്‍ മമ്മൂക്കക്ക് സംഭവിച്ചിട്ടുണ്ട്. ഇവരെങ്ങനെയാണ് അവിടെ എത്തിയതെന്ന് ചിന്തിക്കണം. ഭയങ്കര ഇന്‍സ്‌പൈറിങ് ലൈഫാണ് മമ്മൂക്കയുടേത്,’ പ്രശാന്ത് പറഞ്ഞു.

കൃഷാന്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുരുഷ പ്രേതമാണ് ഒടുവില്‍ റിലീസ് ചെയ്ത പ്രശാന്തിന്റെ ചിത്രം. സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ജഗദീഷ്, ജിയോ ബേബി, ദര്‍ശന രാജേന്ദ്രന്‍, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: prashanth alexander talks about the struggles of mammootty

Latest Stories

We use cookies to give you the best possible experience. Learn more