ജോജു ജോര്‍ജുമായുള്ള സൗഹൃദത്തെ പറ്റി പറയുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ജോജു ചെയ്തതുപോലെയുള്ള കഠിനാധ്വാനങ്ങള്‍ താന്‍ ചെയ്തിട്ടില്ലെന്നും വളരെയധികം അപമാനവും കളിയാക്കലും അദ്ദേഹം നേരിട്ടിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. തനിക്ക് പകരം ജോജുവാണ് പുരുഷപ്രേതത്തിന്റെ കഥ കേട്ടിരുന്നതെങ്കില്‍ നാല് വര്‍ഷം മുമ്പേ തന്നെ സിനിമയുടെ ഷൂട്ട് തുടങ്ങുമായിരുന്നുവെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് പറഞ്ഞു.
‘ഞാനും ജോജുവും തമ്മില്‍ സാമ്യം വളരെ കുറവാണ്. ജോജു ഭയങ്കര കഠിനാധ്വാനി ആയിരുന്നു. ആ കഠിനാധ്വാനത്തിന്റെ പത്ത് ശതമാനം പോലും ഞാന്‍ ചെയ്തിട്ടില്ല. എനിക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ കിട്ടിയിരുന്നു, വരുമാനമുണ്ടായിരുന്നു. ജോജുവിന് ഇതൊന്നും കിട്ടിയിട്ടില്ല. ജോജു ചെല്ലുന്നിടത്തൊക്കെ കളിയാക്കലും അപമാനവും ഒക്കെയാണ് കൂടുതലും കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് അത് കിട്ടിയിട്ടില്ല.
എന്നെക്കാളും അനുഭവങ്ങള്‍ ജോജുവിന് ഉണ്ട്. അതുകൊണ്ട് തന്നെ ജോജുവിന് വലിയ റിസ്‌ക് എടുക്കാന്‍ പേടിയില്ല. എനിക്ക് പകരം ജോജുവിനോടാണ് പുരുഷപ്രേതം കഥ പറഞ്ഞതെങ്കില്‍ 2018ല്‍ തന്നെ പടം ഷൂട്ട് ചെയ്‌തേനേ. ഞാനായതുകൊണ്ടാണ് ഇത് ഷൂട്ട് ചെയ്യാന്‍ നാല് വര്‍ഷം വേണ്ടിവന്നത്.
ജോജു പുരുഷപ്രേതം കണ്ടിരുന്നു. എടാ, പരിപാടി വര്‍ക്കാണ്, ഇനി നീ സൂക്ഷിച്ച് പോയാല്‍ മതി എന്നൊക്കെ പറഞ്ഞ് വല്യേട്ടന്‍ കളിച്ചു. അത് പിന്നെ അങ്ങനെയാണല്ലോ. അവന്‍ എന്നെക്കാളും നാലഞ്ച് വര്‍ഷം മുന്നേ നായകനായല്ലോ. 2002ല്‍ ടി.വി പ്രോഗ്രാം ചെയ്യാന്‍ ഞാന്‍ എറണാകുളത്ത് വന്നപ്പോള്‍ മുതല്‍ ജോജുവിനെ അറിയാം. അന്നുമുതലേ അവനൊരു എന്റര്‍ടെയ്‌നറാണ്. നന്നായി തമാശ പറയും.
ജോജു ഉള്ള സദസ് നന്നായി ആസ്വദിക്കാനാവും. നായകനായി സിനിമയുടെ ഉത്തരവാദിത്തങ്ങള്‍ തലയില്‍ കയറിയതിന് ശേഷം ആ ഒരു എന്‍ജോയ്‌മെന്റ് സൈഡ് നമുക്ക് അധികം കാണാന്‍ കിട്ടില്ല. ഒത്തിരി പോയ്‌പോയിട്ടുണ്ട്. ആ ഫണ്‍ മാന്‍ ജോജുവിനെ മിസ് ചെയ്യുന്നുണ്ട്. ഇത്രയധികം വിജയങ്ങള്‍ ജോജുവിന് വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്,’ പ്രശാന്ത് പറഞ്ഞു.
Content Highlight: prashanth alexander talks about joju george