ടെലിവിഷൻ പരിപാടികളിലൂടെ അവതാരകനായി തന്റെ കരിയർ ആരംഭിച്ച് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് ഉയർന്നുവന്ന താരമാണ് പ്രശാന്ത് അലക്സാണ്ടർ.
പുരുഷ പ്രേതം എന്ന ചിത്രത്തിലെ എസ്.ഐ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വലിയ പ്രശംസ താരത്തിന് നേടികൊടുത്തിരുന്നു. ആദ്യമായി പ്രശാന്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കൂടെയായിരുന്നു കൃശാന്ദ് ഒരുക്കിയ പുരുഷ പ്രേതം.
എന്നാൽ പുരുഷപ്രേതത്തിന് ശേഷം താൻ ചെറിയ കഥാപാത്രങ്ങൾ ചെയ്യുന്നത് ആലോചിക്കാൻ കഴിയില്ലായിരുന്നുവെന്ന് പറയുകയാണ് പ്രശാന്ത് അലക്സാണ്ടർ. രണ്ടോ മൂന്നോ സീനുകളുള്ള കഥാപാത്രങ്ങൾ ഇനി തന്നെ സന്തോഷിപ്പിക്കില്ലെന്ന് തോന്നിയെന്നും എന്നാൽ ആ ചിന്ത അപകടമാണെന്ന് പറഞ്ഞത് സംവിധായകൻ കൃശാന്ദ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ധന്യാ വർമയോട് സംസാരിക്കുകയായിരുന്നു പ്രശാന്ത്.
‘പുരുഷപ്രേതം എന്ന സിനിമയ്ക്ക് വലിയ ഭാഗ്യങ്ങൾ ഉണ്ടായിരുന്നു. കൃശാന്ദിന് ആവാസവ്യൂഹം എന്ന സിനിമയിലൂടെ സംസ്ഥാന അവാർഡ് കിട്ടുന്നതൊക്കെ പുരുഷപ്രേതത്തിലേക്ക് ആളുകളുടെ ശ്രദ്ധ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.
പക്ഷെ പുരുഷപ്രേതം കഴിഞ്ഞിട്ട് ഇനിയെന്ത് എന്നൊരു ചിന്തയായിരുന്നു എനിക്ക്. കാരണം ആദ്യമായിട്ടാണല്ലോ നമ്മളെ പ്രധാന കഥാപാത്രമാക്കി ഒരു കഥ പറയുന്നത്. എന്നും എനിക്ക് സിനിമ ചെയ്യാനുണ്ട്. എന്നും രാവിലെ എഴുന്നേറ്റ് ലൊക്കേഷനിലേക്ക് പോയാലും എനിക്കൊരു സിനിമ ചെയ്യാനുണ്ടാവും.
ഒരു ലോഡ് സാധനങ്ങൾ അഭിനയിക്കാനുണ്ട്. നമ്മളുടെ സമയം നോക്കിയാണ് ഷൂട്ട് മുന്നോട്ട് പോവുന്നത്. അതൊക്കെ തീരാനായപ്പോൾ ഞാൻ കരുതി, ദൈവമേ ഇതൊക്കെ തീർന്നാൽ ഞാൻ എന്തുചെയ്യുമെന്ന്.
കാരണം ഇനി രണ്ട് സീനോ മൂന്ന് സീനോയൊന്നും എന്നെ സന്തോഷിപ്പിക്കില്ല. കാത്തിരുന്നു ഒരു ഷോട്ടിൽ അഭിനയിക്കാൻ എനിക്ക് പിന്നെ തോന്നുന്നില്ലായിരുന്നു. ഇനി ഞാൻ എന്തുചെയ്യും എന്നാലോച്ചിച്ചപ്പോൾ ഞാൻ കൃശാന്ദിനോട് കാര്യം പറഞ്ഞു.
പക്ഷെ അവൻ എന്നോട് പറഞ്ഞത്, ചേട്ടാ അത് അപകടമാണ്. ആ ചിന്ത മനസിൽ നിന്നെടുത്ത് കളഞ്ഞോ എന്നായിരുന്നു. അങ്ങനെയൊന്നും കിട്ടില്ലായെന്നായിരുന്നു അവൻ എന്നോട് പറഞ്ഞത്,’പ്രശാന്ത് അലക്സാണ്ടർ പറയുന്നു.
Content Highlight: Prashanth Alexander About His Career After Purusha Pretham Movie