സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
യഷിന്റെ പ്രകടനം തന്നെയാണ് കെ.ജി.എഫ് 2 ചാപ്റ്റര്‍ ടുവിലെ ഒരു പ്രധാന ഘടകം. യഷിന്റെ മാഗ്നറ്റിക് പേഴ്‌സണാലിറ്റിയാണ് അദ്ദേഹത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. ഓരോ ചെറിയ സ്‌ക്രീന്‍ സ്‌പേസും തനിക്കായി തട്ടിയെടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നത് പോലെ തോന്നുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”യഷിന്റെ മാഗ്‌നറ്റിക്ക് പേര്‍സണാലിറ്റിയാണ് എന്നെ ആകര്‍ഷിച്ചത്. ഓരോ ചെറിയ സ്‌ക്രീന്‍ സ്‌പെയ്‌സും തനിക്കായി തട്ടിയെടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചത് പോലെ തോന്നും. യഷ് സ്‌ക്രീനില്‍ കാണിച്ച ആ വിശ്വാസവും എന്നെ വളരെയധികം ആകര്‍ഷിക്കുന്ന ഒന്നായിരുന്നു,” പ്രശാന്ത് നീല്‍ പറഞ്ഞു.
തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സിനിമയെ കുറിച്ചും പ്രശാന്ത് നീല്‍ പറയുന്നുണ്ട്.
”എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സിനിമ ഷോലെയാണ്. അതില്‍ ഒരു സംശയവുമില്ല. കാരണം നമ്മള്‍ ഒരു ഹോളിവുഡ് സിനിമ നിര്‍മിക്കാന്‍ ഇത്രയും പണം ചെലവഴിക്കണമെന്ന് കരുതും, അത് ഒരിക്കലും ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിയില്ലെന്ന് കരുതും.
പക്ഷേ ഹോളിവുഡ് സിനിമ, അതിന്റെ എല്ലാ വികാരങ്ങളോട് കൂടിയും ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് ഷോലെ നമ്മളെ വിശ്വസിപ്പിച്ചു. അതില്‍ ഒരു ഇന്ത്യന്‍ മസാല ഉണ്ടായിരുന്നു. ഒരുപക്ഷേ നിങ്ങള്‍ കണ്ട ഏറ്റവും മികച്ച ബ്ലെന്‍ഡ് അതായിരിക്കും. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ ഒരു ചിത്രമാവാന്‍ ഷോലെയ്ക്ക് എപ്പോഴും നല്ല കാരണങ്ങളുണ്ട്,” പ്രശാന്ത് നീല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Prashant Neil reveals The Bollywood movie influenced him