സലാറില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗത്തെ പറ്റി സംസാരിക്കുകയാണ് പ്രശാന്ത് നീല്‍. സലാര്‍ സുഹൃത്ത്ബന്ധത്തെ പറ്റിയാണ് സംസാരിക്കുന്നതെന്നും അതുകൊണ്ട് ചിത്രത്തിലെ രണ്ട് സുഹൃത്തുക്കളും 25 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. പ്രഭാസിന്റെ കഥാപാത്രമായ ദേവയെ തിരികെ കൊണ്ടുപോവാന്‍ പൃഥ്വിരാജിന്റെ കഥാപാത്രമായ വരദ വരുന്ന രംഗമാണ് തന്റെ ഫേവറീറ്റെന്നും പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് പറഞ്ഞു.
‘സിനിമയാകെ സുഹൃത്ത്ബന്ധത്തെ പറ്റിയാണ് സംസാരിക്കുന്നത്. അതുകൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ആ സുഹൃത്തുക്കള്‍ രണ്ട് പേരും 25 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതാണ്. ദേവയെ തിരികെകൊണ്ടുപോകാന്‍ വരദ വരുന്ന സീനാണ് ഏറ്റവും ഇഷ്ടം. ഒരുപാട് മികച്ച സീനുകള്‍ ചിത്രത്തിലുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ട, അഭിമാനം തോന്നുന്ന രംഗമാണ് അത്,’ പ്രശാന്ത് പറഞ്ഞു.
റീലിസിന് ശേഷം സലാറിന് ലഭിച്ച അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളിലും പ്രശാന്ത് പ്രതികരിച്ചു. ‘സിനിമയില്‍ എന്താണ് ശരിയായതെന്നും എവിടെയാണ് തെറ്റ് പറ്റിയതെന്നും പരിശോധിക്കാന്‍ എനിക്ക് ഇനിയും സമയം വേണ്ടിവരും. ഞാന്‍ മുമ്പ് ചെയ്ത സിനിമ വെച്ചേ ആളുകള്‍ സലാര്‍ കാണുകയുള്ളൂ.
ഇന്ത്യന്‍ ഓഡിയന്‍സിന്റെ പോപ്പ് കള്‍ച്ചറിലേക്ക് കെ.ജി.എഫ് ഇഴുകി ചേര്‍ന്നെന്ന് എനിക്ക് പിന്നീടാണ് മനസിലായത്. സോഷ്യല്‍ മീഡിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ട് കെ.ജി.എഫ് എത്രത്തോളം സ്വാധീനമുണ്ടാക്കിയെന്ന് എനിക്ക് അറിയില്ലായിരുന്നു. സലാര്‍ ഷൂട്ടിനിടയില്‍ കെ.ജി.എഫുമായി ഉണ്ടായിരുന്ന സാമ്യങ്ങളെ പറ്റി പലരും പറഞ്ഞിരുന്നു. ആ സമയത്ത് അതിനെ പറ്റിയൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.
എന്റെ കയ്യില്‍ ഒരു കഥയുണ്ട്. അതൊരു പ്രത്യേക രീതിയില്‍ പറയണമായിരുന്നു. ചിലപ്പോള്‍ അതിലും നന്നായി ആ സിനിമ പറയാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ ഞാന്‍ കണ്ട രീതി അങ്ങനെയായിരുന്നു. പോസിറ്റീവും നെഗറ്റീവുമായ റിയാക്ഷനുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷനുണ്ടായിരുന്നു,’ പ്രശാന്ത് പറഞ്ഞു.
ഡിസബംര്‍ 22നാണ് സലാര്‍ തിയേറ്ററുകളിലെത്തിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം 550 കോടിയാണ് ഇതുവരെ തിയേറ്ററുകളില്‍ നിന്നും കളക്ട് ചെയ്തത്.
Content Highlight: Prashant Neel talks about his favorite scene in Salaar