ബാഹുബലിക്ക് ശേഷമുള്ള തുടര്‍ തോല്‍വികളില്‍ നിന്നും പ്രഭാസിന് ഒരു തിരിച്ചുവരവ് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായ സഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു.
പ്രഭാസിന്റെ തുടര്‍തോല്‍വികളില്‍ പ്രതികരിക്കുകയാണ് പ്രശാന്ത് നീല്‍. ഒരു താരത്തിന് തോല്‍വികള്‍ സംഭവിക്കാമെന്നും എന്നാല്‍ സ്റ്റാര്‍ എപ്പോഴും സ്റ്റാര്‍ തന്നെയാണെന്നും പ്രശാന്ത് പറഞ്ഞു. അടുത്തിടെ ഷാരൂഖ് ഖാന്‍ അത് കാണിച്ചുതന്നുവെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞു.
‘പ്രഭാസ് ഒരു വലിയ താരമാണ്. ബാഹുബലിക്ക് ശേഷം അദ്ദേഹം വലിയ താരമായി. അത് പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. താരങ്ങള്‍ എപ്പോഴും താരങ്ങളാണ്. അവര്‍ക്ക് ഒന്നോ ഇരുപതോ ഫ്‌ളോപ്പുകള്‍ സംഭവിക്കാം, ഒരു ഹിറ്റ് മാത്രമുണ്ടായാല്‍ കാര്യങ്ങള്‍ മാറും. അടുത്തിടെ ഷാരൂഖ് ഖാന്‍ നമുക്ക് കാണിച്ചു തന്നു, ഒരു സ്റ്റാര്‍ എപ്പോഴും സ്റ്റാര്‍ തന്നെയാണ്. അത് നമുക്ക് ഒരിക്കലും നിഷേധിക്കാനാവില്ല,’ പ്രശാന്ത് നീല്‍ പറഞ്ഞു.
സലാറിലൂടെ പ്രഭാസിനെ കഥാപാത്രമായി കാണിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്നും അതിനായി കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ‘സലാര്‍ ചെയ്യാനായി എനിക്ക് മേല്‍ ഒരു സമ്മര്‍ദവുമില്ലായിരുന്നു. ആക്ടേഴ്‌സ് കഥാപാത്രങ്ങളായി ഇരിക്കണമെന്നായിരുന്നു എന്റെ മനസില്‍. പ്രഭാസിനെ പ്രഭാസായല്ല, കഥാപാത്രമായി കാണാനാവണം. അതിനായി കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്.
സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ലൊജിസ്റ്റിക്കുകളെ പറ്റി ഞാന്‍ ചിന്തിക്കാറില്ല. ലഭ്യമായ ബജറ്റില്‍ സിനിമ ചെയ്യുക എന്നതാണ് ഞാന്‍ ചിന്തിക്കുന്നത്. നിര്‍മാതാക്കള്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന സമയത്ത് അത് സിനിമ പൂര്‍ത്തിയാക്കണം,’ പ്രശാന്ത് നീല്‍ പറഞ്ഞു.
ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Prashant Neel is reacting to Prabhas’ continued failures