| Tuesday, 19th December 2023, 2:25 pm

സലാറില്‍ പൃഥ്വിരാജ് അഭിനയിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു, അതിനൊരു കാരണമുണ്ട്: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീല്‍ ചിത്രമാണ് സലാര്‍. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രത്തിനായി വമ്പന്‍ കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളികളുടെ സ്വന്തം പൃഥ്വിരാജ് ഒരു പ്രധാന വേഷത്തില്‍ സിനിമയില്‍ എത്തുന്നുണ്ട്. കെ.ജി. എഫ് ഒരുക്കിയ സംവിധായകനോടൊപ്പം താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ബോക്‌സ് ഓഫീസ് കുലുങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ.

പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത് നീല്‍. ഒരു മികച്ച നടനെ ആവശ്യമായതുകൊണ്ടാണ് പൃഥ്വിരാജിനെ താന്‍ തെരഞ്ഞെടുത്തതെന്നും എന്നാല്‍ കഥ കേട്ടാല്‍ പൃഥ്വിരാജ് അഭിനയിക്കില്ല എന്നായിരുന്നു താന്‍ കരുതിയതെന്നുമാണ് പ്രശാന്ത് പറയുന്നത്. പക്ഷെ കഥ കേട്ടപ്പോള്‍ പൃഥ്വിക്ക് ഇഷ്ടമായെന്നും ഒരു സംവിധായകനെ പോലെയാണ് താരം സിനിമയെ സമീപിച്ചതെന്നും ഗല്ലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് നീല്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഒരു താരത്തിനെക്കാള്‍ ഉപരി നല്ലൊരു നടനെയായിരുന്നു ആവശ്യം. അസാധാരണമായ ഒരു നടനെ. അങ്ങനെയൊരാള്‍ വേണം വരദരാജ മന്നാറിനെ അവതരിപ്പിക്കാന്‍. നല്ല സുഹൃത്തുക്കള്‍ ആയിരുന്നവര്‍ പിന്നീട് ശത്രുക്കളായി മാറുകയാണ്. അതുകൊണ്ട് തന്നെ ആ സൗഹൃദവും വില്ലനിസവും ചെയ്യാന്‍ പറ്റിയ ഒരാളെ വേണം.

ആ കഥാപാത്രത്തിനായി ഒരുപാട് സജഷന്‍സ് വന്നിരുന്നു. ഒരുപാട് കാലം ആ കഥാപാത്രം ചെയ്യാന്‍ പറ്റിയ ആളെ കുറിച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നു. ഹിന്ദി സിനിമയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാം എന്നായിരുന്നു ആദ്യം കരുതിയത്. എന്റെ തലയില്‍ എപ്പോഴും ഒരു പേര് തന്നെയായിരുന്നു വന്നുകൊണ്ടിരുന്നത്. അതൊരു വലിയ സ്വപ്നമായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ ആ സമയത്ത് എനിക്ക് പൃഥ്വിയെ വേണമായിരുന്നു.

സലാറിന്റെ സ്‌ക്രിപ്റ്റ് കേട്ട് കഴിഞ്ഞാല്‍ പൃഥ്വിരാജ് ഈ സിനിമ ഒരിക്കലും ചെയ്യില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ശരിക്കും ഇഷ്ടമാവുകയാണ് ചെയ്തത്. പൃഥ്വിരാജ് മലയാളം ഫിലിം ഇന്‍ഡസ്ട്രിയയിലെ ഒരു വലിയ താരമാണ്. അതുകൊണ്ടാണ് ഈ സ്‌ക്രിപ്റ്റ് ഇഷ്ടമാവില്ല എന്ന് ഞാന്‍ കരുതിയത്.

ഈ സിനിമയില്‍ ഒരിക്കലും അദ്ദേഹത്തിന് ഒരു രണ്ടാം സ്ഥാനമല്ല ഉള്ളത്. പക്ഷെ സിനിമയില്‍ ദേവ എന്ന് പറയുന്ന ഹീറോയാണ് സ്വാഭാവികമായും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പൃഥ്വിയെ കണ്‍വിന്‍സ് ചെയ്യുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് ഇഷ്ടമായി. ഒരു സംവിധായകനെ പോലെയാണ് പൃഥ്വിരാജ് എല്ലാം നോക്കി കണ്ടത്. ഞാന്‍ സീനുകള്‍ വിശദീകരിക്കുന്നതും കഥ പറയുന്നതുമെല്ലാം. ഒരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റും എന്നുള്ള വിശ്വാസം എനിക്ക് അങ്ങനെയാണ് ഉണ്ടായത്. ഞാന്‍ എന്റെ സിനിമയില്‍ കോണ്‍ഫിഡന്റാണിപ്പോള്‍,’പ്രശാന്ത് നീല്‍ പറയുന്നു.

Content Highligght: Prashant Neel about Prithviraj and Salaar moovie

We use cookies to give you the best possible experience. Learn more