| Wednesday, 17th May 2017, 1:07 pm

രാഷ്ട്രീയക്കാര്‍ അഴിമതിക്കാരും ഉദ്യോഗസ്ഥര്‍ എല്ലാവരും പുണ്യാളന്മാരും അല്ല; സത്യസന്ധനായ ഉദ്യോഗസ്ഥന് സല്‍പ്പേരു മാത്രമാണുള്ളതെന്നും പ്രശാന്ത് നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ എല്ലാവരും അഴിമതിക്കാരും ഉദ്യോഗസ്ഥര്‍ എല്ലാവരും പുണ്യാളന്മാരും ആണെന്നുള്ള ധാരണ ശരിയല്ലെന്ന് കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍.

വളരെ നല്ലവരായ രാഷ്ട്രീയക്കാര്‍ക്കൊപ്പം താന്‍ ജോലി ചെയ്തിട്ടുണ്ടെന്നും അങ്ങേയറ്റം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തിലായിരുന്നു പ്രശാന്ത് നായരുടെ പ്രതികരണം.

ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് എത്ര മാത്രം സ്വാതന്ത്ര്യമുണ്ടെന്ന ചോദ്യത്തിന് ഒരാള്‍ എന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല, എനിക്ക് സ്വാതന്ത്ര്യം തന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നും പ്രവര്‍ത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നമ്മളാണ് എന്നുമായിരുന്നു പ്രശാന്തിന്റെ മറുപടി.


Dont Miss ജാഡയും അഹങ്കാരവുമുണ്ടോ ? കിടിലന്‍ മറുപടിയുമായി ടോവിനോ 


“ഞാന്‍ സര്‍വീസില്‍ കയറിയിട്ട് 10 വര്‍ഷമായി. വെല്ലുവിളി നിറഞ്ഞ പല സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. പലയിടത്തുനിന്നും അടിയുണ്ടാക്കി ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. ഈ രീതിയിലെ എനിക്ക് ജോലി ചെയ്യാന്‍ സാധിക്കൂ. അല്ലെങ്കില്‍ എന്നെ മാറ്റിക്കോളൂ എന്നതായിരുന്നു നിലപാട്. അല്ലാതെ എനിക്ക് പണിയെടുക്കാന്‍ സാധിച്ചില്ല എന്നു പറയുന്നത് ശരിയല്ല. ഞാന്‍ ഇങ്ങനേ പണിയെടുക്കൂ. അത് എന്റെ വാശിയല്ല. നിയമം അതാണ് പറഞ്ഞിരിക്കുന്നത്.” പ്രശാന്ത് നായര്‍ പറയുന്നു.

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആരാണ് അഴിമതിക്കാരെന്നൊക്കെ എല്ലാവര്‍ക്കും അറിയാമെന്നും കേരളം പോലുള്ള സ്ഥലത്ത് കൈക്കൂലി വാങ്ങുന്നവര്‍ക്ക് അധികകാലം അത് ഒളിച്ചു വയ്ക്കാനാവില്ലെന്നും എങ്കിലും അത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനു സല്‍പ്പേരു മാത്രമാണുള്ളത്. അങ്ങനെയുള്ളവരെ കള്ളപ്പരാതി കൊടുത്ത് കുടുക്കിയ സംഭവങ്ങള്‍ തനിക്കറിയാമെന്നും പ്രശാന്ത് പറയുന്നു.

യുവതലമുറ സര്‍വീസിലേക്കു വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. എന്റെ ബാച്ചിനുശേഷം ഒരുപാട് നല്ല ആളുകള്‍ സിവില്‍ സര്‍വീസില്‍ എത്തിയിട്ടുണ്ട്. പുതുതലമുറയില്‍ ആദ്യം കലക്ടര്‍ സ്ഥാനത്ത് എത്തിയതിനാല്‍ ഞാന്‍ ചെയ്തത് ശ്രദ്ധിക്കപ്പെട്ടു. ഇനിയങ്ങോട്ടുള്ള കലക്ടര്‍മാര്‍ ഇതുപോലെ തന്നെയായിരിക്കുമെന്നും പ്രശാന്ത് നായര്‍ പറയുന്നു

We use cookies to give you the best possible experience. Learn more