| Friday, 13th April 2018, 1:19 pm

'ബലാല്‍സംഗികളെ പിന്താങ്ങി പ്രകടനം നടത്തിയ സ്ത്രീകളുടെ മനസ് പ്രവൃത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല'; പ്രശാന്ത് നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം പേര്‍ ദേശീയ പതാക ഏന്തി റാലി നടത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും കോഴിക്കോട് മുന്‍ കളക്ടറുമായി പ്രശാന്ത് നായര്‍.

പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദേശീയ പതാക ഏന്തി നടത്തിയ റാലിയുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് നായര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

“”ബലാല്‍സംഗികളെ പിന്താങ്ങി പ്രകടനം നടത്തിയവരുടെ മുന്‍ നിരയിലെ സ്ത്രീകളെ ശ്രദ്ധിക്കുക. ഏറ്റവും മുന്നില്‍ മുഷ്ടി ചുരുട്ടി നടക്കുന്ന ഒരു ബാലികയെ കാണുക. ഇവരുടെയൊക്കെ മനസ്സ് പ്രവൃത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല””- എന്നായിരുന്നു പ്രശാന്ത് നായരുടെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.

ഹിന്ദു എക്താ മാര്‍ച്ച് എന്ന പേരിലായിരുന്നു കാശ്മീരില്‍ ഒരു സംഘമാളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഏകതാ മാര്‍ച്ച് എന്ന പേരില്‍ നടത്തിയ മാര്‍ച്ച് ഗാഗ്വാള്‍ മുതല്‍ ഹിരാനഗര്‍ വരെയാണ് നടത്തിയത്.

ക്രൂരതയ്ക്കിരയായ ആസിയ എന്ന പെണ്‍കുട്ടിയെ ജനുവരി 10നാണ് കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി.

പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു. ആദ്യം നടന്ന പോലീസ് അന്വേഷണം പ്രഹസനമായിരുന്നു. തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു.

ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജുരിയ ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ പ്രതിക്ക് വേണ്ടിയാണ് ഹിന്ദു എക്താ മഞ്ച് ദേശീയ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടത്തിയത്.

ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത വൈറലായിരുന്നു. ഇത്തരം റാലിക്ക് ദേശീയ പതാക ഉപയോഗിച്ചതിനെതിരെ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്നെ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

പ്രദേശിക ബി.ജെ.പി നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വിജയ് ശര്‍മ്മ ഈ മാര്‍ച്ചിനെ അനുകൂലിച്ച് ഒരു പ്രാദേശിക മാധ്യമത്തിന് പ്രസ്താവനയും നല്‍കിയിരുന്നു. അത് പ്രകാരം ദീപക് ഖജുരിയ തെറ്റായി പ്രതി ചേര്‍ക്കപ്പെട്ടതാണെന്നും സംഭവത്തില്‍ സി.ബി.ഐ അന്വഷണം വേണമെന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more