| Wednesday, 1st July 2020, 10:27 am

എ പ്ലസ് കിട്ടാത്തവരുടെ കൂട്ടായ്മയോ പരിപാടിയോ ഉണ്ടെങ്കില്‍ പങ്കെടുക്കാം; ഓണ്‍ലൈന്‍ എ പ്ലസ് അനുമോദന പരിപാടിയെ കുറിച്ച് എന്‍ പ്രശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ പ്ലസ് ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവരോട് മറുപടിയുമായി കോഴിക്കോട് മുന്‍ കളക്ടറും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുമായ എന്‍. പ്രശാന്ത്.

എസ്.എസ്.എല്‍.സി റിസള്‍ട്ടിന് പിന്നാലെ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയവരെ അനുമോദിക്കുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ചതിന് പിന്നാലെയായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ താനെടുത്ത നിലപാട് ആവര്‍ത്തിച്ച് കളക്ടര്‍ ബ്രോ രംഗത്തെത്തിയത്.

എ പ്ലസ് കിട്ടിയ കുട്ടികളോട് സ്‌നേഹവും അഭിനന്ദനവും ആശംസകളും അറിയിക്കുകയാണെന്നും പക്ഷേ തല്ക്കാലം എ പ്ലസ് കിട്ടാത്തവരുടെ മാത്രം കൂട്ടായ്മയോ പരിപാടിയോ ഉണ്ടെങ്കില്‍ മാത്രം പങ്കെടുക്കാമെന്നുമായിരുന്നു പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം. അതല്ലേ ശരി?എന്നായിരുന്നു കളക്ടര്‍ ബ്രോയുടെ ചോദ്യം.

‘വര്‍ഷങ്ങള്‍ മുന്നോട്ട് പോകുന്നതല്ലാതെ കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ഇന്ന് രാവിലെ ഒരു ഓണ്‍ലൈന്‍ എ പ്ലസ് അനുമോദന പരിപാടിക്ക് വിളി വരുന്നു. മാര്‍ക്ക് കുറഞ്ഞ കുട്ടികളും നിര്‍ബന്ധമായും ലോഗിന്‍ ചെയ്ത് ഇതില്‍ പങ്കെടുത്ത് രോമാഞ്ചപ്പെടുകയും ഇനിയെങ്കിലും ‘നന്നാവുകയും’ ചെയ്യുന്ന മനോഹരമായ സ്‌കീം.

പഴയ പോസ്റ്റ് വീണ്ടും ഷേറുന്നു. എ പ്ലസ് കുട്ടികളോട് സ്‌നേഹവും അഭിനന്ദനവും ആശംസകളും. പക്ഷേ തല്ക്കാലം എ പ്ലസ് കിട്ടാത്തവരുടെ മാത്രം കൂട്ടായ്മയോ പരിപാടിയോ ഉണ്ടെങ്കില്‍ മാത്രം പങ്കെടുക്കാം. പ്രേത്സാഹനവും നല്ല വാക്കും ഈയവസരത്തില്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം. അതല്ലേ ശരി?’ , എന്നായിരുന്നു പ്രശാന്ത് കുറിച്ചത്.

കഴിഞ്ഞ കൊല്ലത്തെ A+ പോസ്റ്റ്
…………………….

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാര്‍ക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളില്‍ ഈ മാര്‍ക്ക് ഷീറ്റ് പ്രദര്‍ശനം ഇടുന്ന പ്രഷര്‍ എന്തായിരിക്കും… ഇത്രമാത്രം ഹൈപ്പ് അര്‍ഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓര്‍ക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേര്‍തിരിക്കാനല്ല, അക്കാദമിക് ചോയ്‌സുകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാത്രമാണ്.

A+ ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവരോട് സ്‌നേഹത്തോടെ വരാന്‍ നിര്‍വാഹമില്ല എന്നേ പറയാന്‍ പറ്റൂ. ഇവര്‍ക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോള്‍ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നില്‍ക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തില്‍ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളര്‍ത്താതിരുന്നാല്‍ മതി. സ്‌കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്‌ലെക്‌സിലും ഒക്കെ ഇവരെ തളര്‍ത്താനുള്ള എല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്. ഈ രക്തത്തില്‍ പങ്കാളിയാവാന്‍ വയ്യ ഉണ്ണീ.

വിജയങ്ങള്‍ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വള്‍ഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

– ബ്രോസ്വാമി ??

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more