പ്രതിപക്ഷം പണിയെടുത്തില്ല, രണ്ടാം ജോഡോയാത്രകൊണ്ട് കാര്യമുണ്ടായില്ല; ബി.ജെ.പി സീറ്റുകള്‍ 300 കടന്നേക്കുമെന്ന് പ്രശാന്ത് കിഷോര്‍
India
പ്രതിപക്ഷം പണിയെടുത്തില്ല, രണ്ടാം ജോഡോയാത്രകൊണ്ട് കാര്യമുണ്ടായില്ല; ബി.ജെ.പി സീറ്റുകള്‍ 300 കടന്നേക്കുമെന്ന് പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2024, 9:50 am

വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി നേടുമെന്ന് പ്രഖ്യാപിച്ച 370 സീറ്റ് നേടിയില്ലെങ്കിലും 300 ലേറെ സീറ്റ് സ്വന്തമാക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ വടക്കേ ഇന്ത്യക്ക് പുറമേ തെന്നിന്ത്യയിലും കിഴക്കന്‍ മേഖലയിലും ബി.ജെ.പി നേട്ടം ഉണ്ടാക്കുമെന്നും വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറയുകയായിരുന്നു അദ്ദേഹം.

മോദിയും ബി.ജെ.പിയും ശക്തരാണെന്നും എന്നാല്‍ അലസതയും തെറ്റായ പ്രചാരണ തന്ത്രങ്ങളും വഴി പ്രതിപക്ഷം അവസരങ്ങള്‍ നഷ്ടപ്പെടുത്തി, യു.പി.യിലും ബീഹാറിലും പ്രതിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കേരളത്തില്‍ ജയിച്ചത് കൊണ്ട് മാത്രം അധികാരം പിടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ബലമായ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരന്തരം സന്ദര്‍ശനം നടത്തി മോദിയും അമിത് ഷായും അവിടെ വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് യു.പി.യില്‍ ആണെന്നിരിക്കെ മണിപ്പൂരിലും മേഘാലയിലും പര്യടനം നടത്തിയതുകൊണ്ട് പ്രയോജനം ഇല്ലെന്ന് രാഹുലിന്റെ യാത്രകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാം സ്ഥാനത്ത് എത്തുമെന്നും തെലുങ്കാനയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് നേടുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട്ടില്‍ അവരുടെ വോട്ട് വിഹിതം രണ്ടക്കം കടക്കും എന്നും കിഷോര്‍ പ്രവചിച്ചു.

മൂന്നാം വട്ടവും ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ രാജ്യം ദീര്‍ഘകാലം ആ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

 

Content Highlight: Prashant Kishore Talking About BJP