മുംബൈ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ നടന്ന ചര്‍ച്ച ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒരുമിച്ച് വരാനുള്ള സാധ്യതയാണ് മുംബൈയില്‍ നടന്ന കൂടിക്കാഴ്ച
സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുള്ള നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സംയുക്ത പ്രതിപക്ഷനിര രൂപവത്കരിക്കാനുള്ള സാധ്യതയാണ് പുതിയ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വം നല്‍കിയ കക്ഷികളെ നേരിട്ട് പരാജയപ്പെടുത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും കിഷോര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധം തങ്ങള്‍ വിച്ഛേദിച്ചിട്ടില്ലെന്ന് പറഞ്ഞ് ശിവസേനയിലെ ഉന്നത നേതാക്കള്‍ രംഗത്തെത്തിയ സമയത്താണ് മഹാരാഷ്ട്രയില്‍ ശിവസേനയുടെ സഖ്യകക്ഷിയായ എന്‍.സി.പിയുമായി കിഷോര്‍ ചര്‍ച്ച നടത്തുന്നത്. പ്രതിപക്ഷ നിരയിലെ ചെറിയ വിള്ളലുള്‍ വരെ തുടക്കത്തിലേ പരിഹരിച്ച് 2024 ആകുമ്പോഴേക്ക് ശക്തമായ ഒരു പ്രതിപക്ഷ സംഖ്യം കെട്ടിപ്പടുക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വിലയിരുത്തുന്നത്.
എന്നാല്‍, രാഷ്ട്രീയ ഉപദേഷ്ടാവിന്റെ റോളില്‍ നിന്ന് മാറി ഒരു ഇടവേള എടുക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. കിഷോര്‍ ഇങ്ങനെ പറഞ്ഞാലും 2024 തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്താന്‍ അദ്ദേഹം രംഗത്തിറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 200ല്‍ അധികം സീറ്റുകളില്‍ മുന്നേറിയതില്‍ മമതയുടെ ഉപദേശകന്‍ എന്ന നിലയില്‍ നിര്‍ണായക റോളാണ് പ്രശാന്ത് കിഷോര്‍ വഹിച്ചത്. തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന്റെ വിജയത്തിനും കിഷോറിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ബംഗാളില്‍ 100ല്‍ അധികം സീറ്റ് നേടുമെന്നായിരുന്നു ബി.ജെ.പി. പറഞ്ഞത്. എന്നാല്‍ ബി.ജെ.പിക്ക് രണ്ടക്കം കടക്കില്ലെന്ന് തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ ഓര്‍ത്തുവെക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. കിഷോറിന്റെ വാക്കുകള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് ബംഗാളില്‍ നടന്നത്.