ന്യൂദല്‍ഹി: മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ സഖ്യവുമായി ഒരു ബന്ധവുമില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ മൂന്നാം മുന്നണിയെ അണിനിരത്തുമെന്നും ഇതിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവേയാണ് പ്രതിപക്ഷ സഖ്യവുമായി തനിക്ക് ബന്ധമില്ലെന്ന് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിപക്ഷസഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു ആ കൂടിക്കാഴ്ചയെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്‌തെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ ഏത് രീതിയിലായിരിക്കും പോരാടാനാവുകയെന്ന് ചര്‍ച്ച ചെയ്‌തെങ്കിലും മൂന്നാം മുന്നണി ഈ ചര്‍ച്ചയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി നേടിയ വിജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കിയെന്നും തങ്ങള്‍ക്കും ബി.ജെ.പിക്കെതിരെ അണിനിരക്കാമെന്ന സന്ദേശം പകര്‍ന്നു നല്‍കിയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.