പട്‌ന: സംസ്ഥാനത്തെ 10 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാനായില്ലെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ ഘരാവൊ ചെയ്യുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോര്‍.
ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ‘മഹാഗത്ബന്ധന്‍’ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ പ്രശാന്ത് കിഷോര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
”സര്‍ക്കാര്‍ മേഖലയില്‍ പുതുതായി 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സഖ്യകക്ഷി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഗാന്ധി മൈതാനത്ത് വെച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.
പുതിയ ഭരണത്തിന്റെ ഭാഗമായി ആര്‍.ജെ.ഡിയും ഈ വാഗ്ദാനം പാലിക്കുമെന്ന് ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവും ഉറപ്പുനല്‍കിയിരുന്നു.
ഈ വാഗ്ദാനം പാലിക്കുന്നതില്‍ നിതീഷ് കുമാര്‍ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹത്തെ ഘരാവൊ ചെയ്യുന്ന യുവജനങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും,” പ്രശാന്ത് കിഷോര്‍ പറഞ്ഞു.
10 ലക്ഷം തൊഴില്‍ എന്ന ലക്ഷ്യം മറികടക്കാനും പുതിയ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നിതീഷ് കുമാര്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.
”ഞങ്ങള്‍ ഒരുമിച്ചാണ്, 10 ലക്ഷം തൊഴിലവസരങ്ങള്‍ എന്ന ആശയം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ അത് ചെയ്യും. എന്നാല്‍ 20 ലക്ഷം തൊഴിലവസരങ്ങളാണ് നമ്മള്‍ ലക്ഷ്യമിടേണ്ടത്,” മുഖ്യമന്ത്രി പറഞ്ഞു.
നിതീഷ് കുമാറിന്റെ ഏറ്റവുമടുത്തയാളായിട്ടായിരുന്നു പ്രശാന്ത് കിഷോര്‍ കണക്കാക്കപ്പെട്ടിരുന്നത്.
എന്നാല്‍, അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ (Mahagathbandhan government) നല്‍കിയ 5-10 ലക്ഷം തൊഴിലവസരങ്ങള്‍ എന്ന വാഗ്ദാനം പാലിക്കുകയാണെങ്കില്‍ തന്റെ സംഘടനയായ ജന്‍ സൂരജ് അഭിയാന്‍ (Jan Suraj Abhiyan) പിന്‍വലിച്ച് നിതീഷ് കുമാര്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ബിഹാറില്‍ 3500 കിലോമീറ്റര്‍ നീണ്ടുനില്‍ക്കുന്ന പദയാത്രയിലാണ് പ്രശാന്ത് കിഷോര്‍.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ സാധ്യതകളും റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ അദ്ദേഹം തള്ളിയിരുന്നു. എന്നാല്‍ ബിഹാറില്‍ ‘ഒരു മികച്ച ബദല്‍’ കെട്ടിപ്പടുക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Prashant Kishor warns Nitish Kumar on the promise of providing 10 lakh government jobs