പൗരത്വ നിയമത്തിനെതിരായ നിലപാടിലുറച്ച് പ്രശാന്ത് കിഷോര്‍; നിതീഷ് കുമാറുമായി ഇന്ന് നിര്‍ണായക ചര്‍ച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെ.ഡി.യു നേതാവുമായ പ്രശാന്ത് കിഷോറും ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറുമായുള്ള കൂടികാഴ്ച്ച ഇന്ന്. ഇരു സഭകളിലും ജെ.ഡി.യു പൗരത്വഭേദഗതി ബില്ലിനെ അനൂകൂലിക്കുകയും എന്നാല്‍ പ്രശാന്ത് കിഷോര്‍ ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ച്ച.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിവാദമായ ദേശീയ പൗരത്വ ബില്ലില്‍ ജനതാദള്‍ യുണൈറ്റഡ് സ്വീകരിച്ച നിലപാടിനെതിരെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു.
‘മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വത്തിനുള്ള അവകാശത്തെ വിവേചിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെ ജെ.ഡി.യു പിന്തുണക്കുന്നത് നിരാശകരമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളാല്‍ നയിക്കപ്പെടുന്ന നേതൃത്വമുള്ള ,മതേതരം എന്ന വാക്ക് ആദ്യ പേജില്‍ തന്നെ മൂന്ന് തവണ പറയുന്ന പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഇത്.”എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്നതിനാല്‍ തങ്ങളുടെ പാര്‍ട്ടി പൗരത്വ (ഭേദഗതി) ബില്ലിനെ പിന്തുണയ്ക്കുമെന്നായിരുന്നു ജെ.ഡി.യു എം.പി രാജീവ് രഞ്ജന്‍ സിംഗ് ലോക്‌സഭയില്‍ പറഞ്ഞത്.

ദേശീയ പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ അഭിനന്ദിച്ചും പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. 16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നും പഞ്ചാബ്, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പൗരത്വ ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories