| Monday, 29th July 2024, 12:18 pm

പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടി ഒക്ടോബര്‍ രണ്ടിന് പ്രവര്‍ത്തനം ആരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന ജന്‍ സൂരജ് ഒക്ടോബര്‍ രണ്ടിന് രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കും. 2025ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്‍ സൂരജ് മത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ അറിയിച്ചിരുന്നു.

പാര്‍ട്ടി നേതൃത്വം പോലുള്ള മറ്റ് കാര്യങ്ങള്‍ യഥാസമയം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്‌നയില്‍ വെച്ച് നടന്ന ജന്‍ സൂരജിന്റെ സംസ്ഥാനതല യോഗത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 15നും 20നും ഇടയില്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലേക്ക് 5,000 പേരെ വീതം റിക്രൂട്ട് ചെയ്യാന്‍ കഴിവുള്ള 25 പേർക്ക് പ്രസിഡന്റ് സ്ഥാനത്തിനായി അപേക്ഷിക്കാന്‍ ആകുമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു.

ഗാന്ധി ജയന്തി ദിനത്തില്‍ പദയാത്ര നടത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലില്ലായ്മ, ബിഹാറിലെ പൗരന്മാര്‍ക്കുള്ള ആനുപാതിക പ്രാതിനിധ്യം, സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റിന്റെ കാലാവധി ഒരു വര്‍ഷമായിരിക്കുമെന്നും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മുസ്‌ലിം വ്യക്തിയെയാണ് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യലിസ്റ്റ് നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി താക്കൂറിന്റെ ചെറുമകള്‍ ജാഗൃതി താക്കൂര്‍ ജന്‍ സൂരജിൽ ചേര്‍ന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Bihar: Prashant Kishor to launch Jan Suraaj party on October 2

We use cookies to give you the best possible experience. Learn more