| Tuesday, 9th June 2020, 10:49 am

താല്‍പര്യമില്ലെന്ന് പ്രശാന്ത് കിഷോര്‍; പഞ്ചാബില്‍ അമരിന്ദറിന്റെയും കോണ്‍ഗ്രസിന്റെയും നീക്കങ്ങള്‍ പാളുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം പ്രശാന്ത് കിഷോര്‍ തന്നോട് സമ്മതിച്ചെന്നായിരുന്നു സിങ് പറഞ്ഞത്. എന്നാല്‍ പ്രശാന്ത് കിഷോര്‍ തന്നെ ഇതിനെത്തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

അമരീന്ദര്‍ സിങ് മുന്നോട്ടുവെച്ച ഓഫര്‍ താന്‍ അപ്പോള്‍ തന്നെ നിരസിച്ചിരുന്നെന്നാണ് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

അമരിന്ദര്‍ സിങിന്റെ കൊച്ചുമകന്‍ നിര്‍വാണ്‍ സിങ് ദല്‍ഹിയില്‍ പ്രശാന്ത് കിഷോറിനെ കാണാന്‍ എത്തിയിരുന്നു. പക്ഷേ, അമരീന്ദറിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പ്രശാന്ത് അപ്പോള്‍ത്തന്നെ പറഞ്ഞിരുന്നെന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

‘അമരിന്ദര്‍ സിങ് പ്രശാന്തിനോട് ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹം പ്രശാന്തിനെ ചണ്ഡീഗഡിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരു കൂടിക്കാഴ്ച കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്നാണ് പ്രശാന്ത് മുഖ്യമന്ത്രിയോട് അപ്പോള്‍ത്തന്നെ പറഞ്ഞത്. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ഇന്നലെ പ്രശാന്തിനെ കാണാന്‍ എത്തിയിരുന്നു. രണ്ട് മണിക്കൂറോളം കാത്തുനിന്നു. ആ കൂടിക്കാഴ്ച കൊണ്ടും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല’, പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

നിര്‍വാണ്‍ സിങ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2022ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ പ്രശാന്ത് കിഷോറിന്റെ സഹായം തേടാമെന്നായിരുന്നു അമരിന്ദര്‍ സിങിന്റെ പ്രതീക്ഷ. കോണ്‍ഗ്രസിനുവേണ്ടി ഇനി പ്രവര്‍ത്തിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യക്തിപരമായ ബന്ധത്തിന്മേല്‍ പ്രശാന്ത് എത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നായിരുന്നു അമരിന്ദര്‍ സിങ് കഴിഞ്ഞ ദിവസം അറിയിച്ചത്.

2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളയാളാണ് പ്രശാന്ത് കിഷോര്‍. ‘ഞങ്ങള്‍ സുഹൃത്തുക്കളാണ്. തെരഞ്ഞെടുപ്പില്‍ തന്ത്രജ്ഞനായി അദ്ദേഹം എത്തണമെന്നാണ് എന്റെ എം.എല്‍.എമാര്‍ പറയുന്നത്. അദ്ദേഹത്തിന് അതില്‍ സന്തോഷവുമാണ്’, എന്നാണ് അമരിന്ദര്‍ പറഞ്ഞിരുന്നത്.

2017ല്‍ പഞ്ചാബിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് പ്രശാന്തിനെ യു.പി ഏല്‍പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ്-എസ്.പി സഖ്യം ബി.ജെ.പിയോട് അവിടെ പരാജയപ്പെടുകയായിരുന്നു.

2014ല്‍ നരേന്ദ്ര മോദിക്ക് വേണ്ടി ക്യാംപെയിന്‍ നയിച്ച കിഷോര്‍ പിന്നീട് അന്ന് ബി.ജെ.പി അധ്യക്ഷനായ അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുവേണ്ടിയും ഈ വര്‍ഷം ആദ്യം പ്രശാന്ത് കിഷോര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. നിലവില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് പ്രശാന്ത് പ്രവര്‍ത്തിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more