| Sunday, 30th May 2021, 3:22 pm

വെറും വാഗ്ദാനങ്ങളാണ്, ഒരു കാര്യവുമില്ല; കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച ധനസഹായത്തെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച കേന്ദ്രനടപടിയെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

ഇതൊക്കെ വെറും വാഗ്ദാനങ്ങളാണെന്നും പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുട്ടികള്‍ക്ക് അടിയന്തര സഹായം വേണ്ട സമയമാണിതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്തിന്റെ പ്രതികരണം.

‘പുതിയ പരിപാടിയുമായി മോദി സര്‍ക്കാര്‍ വീണ്ടും. കൊവിഡ് മൂലം അനാഥരായ കുട്ടികളോടുള്ള സഹാനുഭൂതിയെ പുനര്‍നിര്‍വചിക്കാനാണ് ശ്രമം. പക്ഷെ കൈകാര്യം ചെയ്ത രീതി ദുരന്തമായി പോയി’, പ്രശാന്ത് ട്വിറ്ററിലെഴുതി.

കഴിഞ്ഞദിവസമാണ് കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. തുക കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. ഇത് 23 വയസാകുമ്പോള്‍ പിന്‍വലിക്കാം.

പി.എം കെയെഴ്സ് ഫണ്ടിലൂടെയാണ് തുക നല്‍കുന്നത്. ബാങ്കിലിടുന്ന തുക ഉപയോഗിച്ച് 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും.

പത്ത് വയസിന് താഴെയുള്ള കുട്ടികളാണെങ്കില്‍ കുട്ടികള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും.

ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പി.എം കെയേഴ്സ് ഫണ്ടില്‍ നിന്ന് നല്‍കും. 10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ സൈനിക് സ്‌കൂള്‍, നവോദയ തുടങ്ങിയ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കാം.

മറ്റേതെങ്കിലും രക്ഷിതാവുണ്ടെങ്കില്‍ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളിലോ ചേര്‍ന്ന് പഠിക്കാം.

ഇന്ത്യയില്‍ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാനും സഹായിക്കും. വായ്പയുടെ പലിശ പി.എം കെയേഴ്സ് ഫണ്ടില്‍ നിന്നു നല്‍കും.ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ് വരെ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും അറിയിപ്പില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Prashant Kishor Slams PM CARES Aid To Covid-Hit Children

We use cookies to give you the best possible experience. Learn more