ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. സര്‍ക്കാര്‍ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാത്തതിന്റെ ഫലമാണ് രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച തീരുമാനം ഒരുപക്ഷേ ശരിയായിരിക്കാം. പക്ഷേ, 21 ദിവസം എന്നത് നീണ്ടകാലയളവാണ്. സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാത്തതിന്റെ ഫലമാണിത്. കോവിഡ് പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചയുടെ പരിണിത ഫലം. മുന്നൊരുക്കങ്ങളില്ലാത്ത തീരുമാനങ്ങളും ദരിദ്രരായ ജനങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതിക്കുറവും കാരണം വരും നാളുകള്‍ ദുഷ്‌കരമായിരിക്കും’, പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വാഗ്ദാനം ചെയ്ത ന്യായ് യോജന പദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജ്യത്തൊട്ടാകെ പദ്ധതി നടപ്പിലാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
എല്ലാ ജന്‍ധന്‍, പി.എം കിസാന്‍, പെന്‍ഷന്‍ അക്കൗണ്ടുകളുകളിലൂടെ രാജ്യത്തെ ഓരോ പൗരനും 7500 രൂപ നല്‍കി മിനിമം വരുമാനം ഉറപ്പുനല്‍കുന്ന പദ്ധതി നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ നല്‍കുന്നതിനൊപ്പം തന്നെ ഒരു ക്ഷേമ പാക്കേജ് കൂടി നടപ്പിലാക്കണം. വിളകള്‍ക്ക് ന്യായവില ലഭിക്കാനുള്ള സൗകര്യമൊരുക്കണം. കര്‍ഷക വായ്പ തിരിച്ചടവെല്ലാം നിര്‍ത്തിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ