ആദ്യം കോണ്‍ഗ്രസില്‍ അംഗമാവൂ, എന്നിട്ടാവാം ഉപദേശം; പ്രശാന്ത് കിഷോറിനോട് ഹരീഷ് റാവത്ത്
national news
ആദ്യം കോണ്‍ഗ്രസില്‍ അംഗമാവൂ, എന്നിട്ടാവാം ഉപദേശം; പ്രശാന്ത് കിഷോറിനോട് ഹരീഷ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 4:41 pm

ന്യൂദല്‍ഹി: തെരഞ്ഞടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്.

കോണ്‍ഗ്രസിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, എന്നാല്‍ കോണ്‍ഗ്രസിലെത്തിയ ശേഷം പാര്‍ട്ടി പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളില്‍ വിശ്വാസമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ അംഗമാവാവുന്നതാണ്. പ്രശാന്ത് കിഷോറിനും അത്തരത്തില്‍ കോണ്‍ഗ്രസില്‍ ചേരാം. പാര്‍ട്ടി പുതിയ ആശയങ്ങളെ എക്കാലവും സ്വാഗതം ചെയ്യുന്നതാണ്.

എന്നാല്‍ പാര്‍ട്ടിയിലെത്തിയ ശേഷം ഇപ്രകാരം മാത്രമേ പാര്‍ട്ടി മുന്നോട്ട് പോകാവൂ എന്ന് നിര്‍ബന്ധം പിടിക്കരുത്. കോണ്‍ഗ്രസ് ജനാധിപത്യ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. എല്ലാ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെതായ കര്‍തവ്യം നിര്‍വഹിക്കാനുണ്ട്.

പാര്‍ട്ടിയുടെ ഭരണഘടനയും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമെങ്കില്‍ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാം,’ റാവത്ത് പറഞ്ഞു.

ആദ്യം അദ്ദേഹം പാര്‍ട്ടിയില്‍ ചേരണമെന്നും അതിനനുസരിച്ച് അര്‍ഹമായ പരിഗണനയും ചുമതലകളും പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും റാവത്ത് പറഞ്ഞു.

പാര്‍ട്ടിയിലെത്തിയ ശേഷം മാത്രം പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന ഉപദേശം നല്‍കിയാല്‍ മതിയെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള അറിവും പരിചയവും പാര്‍ട്ടിയ്ക്ക് മുതല്‍ക്കൂട്ടാവുമെന്നും എന്നാല്‍ പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും റാവത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Prashant Kishor should join Congress first, then give ideas, says Harish Rawat