| Monday, 20th June 2022, 11:46 am

അഗ്നിപഥില്‍ ബീഹാര്‍ കത്തുമ്പോള്‍ ബി.ജെ.പിയും ജെ.ഡി.യുവും പരസ്പരം തല്ലിത്തീര്‍ക്കുകയാണ്; സഖ്യകക്ഷികളുടെ വിയോജിപ്പിനെ പരിഹസിച്ച് പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ബി.ജെ.പിയും സഖ്യകക്ഷികളും തമ്മിലുള്ള വഴക്കിനെ വിമര്‍ശിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

അഗ്നിപഥിനെതിരായ പ്രതിഷേധം ഏറ്റവുമധികം നടക്കുന്ന ബീഹാറില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ജെ.ഡി.യുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെയാണ് പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചത്.

ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും തീവണ്ടി കോച്ചുകള്‍ക്കടക്കം തീയിടുകയും ചെയ്യുമ്പോള്‍ ബീഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലടിക്കുകയാണന്നാണ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

”ജെ.ഡി.യുവും ബി.ജെ.പിയും തമ്മിലുള്ള വഴക്കിന്റെ ഭാരം ചുമക്കുകയാണ് ബീഹാറിലെ ജനങ്ങള്‍. ബിഹാര്‍ കത്തുകയാണ്, എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, ഈ രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ തല്ലുന്നതിന്റെയും വാദപ്രതിവാദങ്ങള്‍ നടത്തുന്നതിന്റെയും തിരക്കിലാണ്,” പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ബീഹാറില്‍ ബി.ജെ.പി- ജെ.ഡി.യു നേതാക്കള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും കലഹങ്ങളും കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് അടിയന്തരാവസ്ഥ, ഗുജറാത്ത് വംശഹത്യ എന്നിവ നീക്കം ചെയ്തതിനെതിരെ ജെ.ഡി.യു ദേശീയവക്താവ് കെ.പി. ത്യാഗി രംഗത്തെത്തിയിട്ടുണ്ട്.

ചരിത്രം തിരുത്തിയെഴുതാനുള്ള അമിത് ഷായുടെ നീക്കത്തെ മുഖ്യമന്ത്രി നിതീഷ് കുമാറും പരസ്യമായി വിമര്‍ശിച്ചിരുന്നു. അതേസമയം അഗ്നിപഥ് പ്രക്ഷോഭകര്‍ തന്റെ വീട് തകര്‍ത്തതിനെതിരെ ബീഹാര്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സര്‍ക്കാര്‍ അക്രമികളെ സംരക്ഷിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സജ്ജയ് ജയ്‌സ്വാളും പ്രതികരിച്ചിരുന്നു.

ഇരുകക്ഷികളും തമ്മിലുള്ള വിടവ് രൂക്ഷമായതിന്റെ തെളിവുകളായാണ് ഈ പ്രസ്താവനകള്‍ വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പിന്തുണ ലക്ഷ്യം വെച്ച്, ഇത്തരം വിഷയങ്ങളില്‍ പ്രകോപനപരമായ പ്രതികരണം നടത്തരുതെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Prashant Kishor says BJP and JDU are fighting while Bihar is burning due to Agnipath scheme

We use cookies to give you the best possible experience. Learn more