രാഷ്ട്രീയ തന്ത്രജ്ഞന്റെ വേഷം അഴിച്ചുവെച്ച് പ്രശാന്ത് കിഷോര്‍ എങ്ങോട്ടാണ്? പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവ് പദവിയില്‍ നിന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാജിവെച്ചതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യം ഇതാണ്.
” പൊതുജീവിതത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനം കണക്കിലെടുത്ത്, താങ്കളുടെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ല. ഭാവിപ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ദയാപൂര്‍വം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” എന്നാണ് അമരീന്ദറിന് അയച്ച കത്തില്‍ പ്രശാന്ത് കിഷോര്‍ പറയുന്നത്.
ഒരു രാഷ്ട്രീയ തന്ത്രജ്ഞനപ്പുറം കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ പൂര്‍ണ സേവനം ലഭിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ രാജി വാര്‍ത്ത വരുന്നത്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് കടക്കുമെന്ന സംശയം ഇത് കൂടുതല്‍ ശക്തമാക്കുന്നു.
2024 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ പ്രശാന്ത് കിഷോറിനെ പോലൊരു ‘ കിങ് മേക്ക’റെ കോണ്‍ഗ്രസിന് ആവശ്യമാണ്. പ്രശാന്ത് കിഷോറില്‍ പാര്‍ട്ടി നേതൃത്വം ശക്തനായൊരു നേതാവിനെ കാണുന്നുണ്ട്.
ബി.ജെ.പിക്ക് വേണ്ടി കിഷോര്‍ 2014ല്‍ നടത്തിയ ക്യാംപെയ്ന്‍, 2015 ല്‍ ബീഹാറില്‍ മഹാസഖ്യത്തിനും 2017 ല്‍ പഞ്ചാബില്‍ അമരീന്ദറിനും 2019ല്‍ വൈ.എസ്.ആര്‍.സി.പിക്ക് വേണ്ടി ആന്ധ്രാപ്രദേശില്‍ നടത്തിയ ക്യാംപെയ്‌നും ഏറ്റവും ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനായി ബംഗാളില്‍ നടത്തിയ ക്യാംപെയ്‌നും പ്രശാന്ത് കിഷോറിലെ രാഷ്ട്രീയ സൂത്രധാരന്റെ പൂര്‍ണ വിജയമാണ് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പ്രശാന്ത് കിഷോറിനെ പോലൊരാള്‍ നിലവിലെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസിന് സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.
അതുകൊണ്ടുതന്നെ നിലവിലെ രാജി പുതിയ തുടക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Prashant Kishor’s resignation, new hope to Congress