|

സിദ്ദു പ്രശാന്ത് കിഷോറിന് കൈകൊടുക്കുമോ? ആ ആശംസ പുതിയ പാര്‍ട്ടിക്കോ? ചര്‍ച്ചകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ നീക്കങ്ങള്‍ നടത്താന്‍ പോവുകയാണെന്ന പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആശംസയുമായി കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു.

നല്ല തുടക്കം എല്ലായ്പ്പോഴും നല്ല പര്യവസാനം ഉണ്ടാക്കുന്നുവെന്നാണ് സിദ്ദുവിന്റെ ആശംസ.

കോണ്‍ഗ്രസ് പ്രവേശനം നിരസിച്ചതിന് പിന്നാലെ യഥാര്‍ഥ മാസ്റ്റേഴ്‌സിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് ഇട്ട ട്വീറ്റ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിദ്ദു ആശംസയുമായി രംഗത്തെത്തിയത്. പുതിയ തുടക്കത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞ പ്രശാന്ത് ഇതിനുവേണ്ടി തന്റെ സ്ഥലമായ ബിഹാറിലേക്ക് പോകുന്നതായും വ്യക്തമാക്കിയിരുന്നു.

‘ജനാധിപത്യത്തിന്റെ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ റോളര്‍കോസ്റ്റര്‍ യാത്രയിലേക്ക് നയിച്ചു. യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബീഹാറില്‍ നിന്ന്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ജന്‍സൂരജ് എന്ന് ഹിന്ദിയില്‍ കുറിച്ചുകൊണ്ടാണ് പ്രശാന്തിന്റെ ട്വീറ്റ് അവസാനിച്ചത്. ഇത് പുതിയ പാര്‍ട്ടിയുടെ തുടക്കമാണോയെന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നു. പ്രശാന്തിന് ആശംസയുമായി സിദ്ദു എത്തിയതോടെ ചര്‍ച്ച പുതിയ വഴിയിലേക്ക് കടന്നിരിക്കുകയാണ്. പ്രശാന്തും സിദ്ദുവും കൈകോര്‍ക്കുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്ന കാര്യം.

Content Highlights:  Prashant Kishor’s new moves

Latest Stories