കോണ്‍ഗ്രസ് 2.0 പ്ലാനുമായി 'പി.കെ'
national news
കോണ്‍ഗ്രസ് 2.0 പ്ലാനുമായി 'പി.കെ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd April 2022, 1:24 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റ തിരിച്ചുവരവിന് വേണ്ടി കൃത്യമായ പദ്ധതികളാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ഉണ്ടാക്കിയിട്ടുള്ളത്.
2024 ലെ പൊതുതെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതികളാണ് പ്രശാന്ത് കിഷോര്‍ ഒരുക്കിയിട്ടുള്ളത്.

പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് 2.0 പ്ലാന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ കാരണങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം പട്ടിക പെടുത്തി വിശകലനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

‘കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന്’ നേതൃത്വം പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കുകയും ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന പ്രധാന ആശയം.

പാര്‍ട്ടിയുടെ സ്ഥാപക തത്വങ്ങള്‍ വീണ്ടെടുക്കുക, സഖ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുക, താഴേത്തട്ട് മുതല്‍ സംഘടനാപരമായ അഴിച്ചുപണി, പാര്‍ട്ടിയുടെ പ്രചാരണത്തിനായി മാധ്യമങ്ങളേയും ഡിജിറ്റല്‍ മേഖലയേയും ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ആള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനെത്തെത്തണമെന്നുതന്നെയാണ് പ്രശാന്ത് കിഷോര്‍ നിര്‍ദേശിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ അധ്യക്ഷസ്ഥാനത്ത് എത്തിക്കണമെന്ന് കിഷോര്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നാണ് വിവരം.

പാര്‍ട്ടിയുടെ പാരമ്പര്യവും അടിസ്ഥാന തത്വങ്ങളും സംരക്ഷിക്കുക, സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും കളങ്കം മാറ്റി ജനങ്ങളുമായി ബന്ധപ്പെടുകയും അവരുടെ ശബ്ദമായി മാറുക എന്നിവയൊക്കെയാണ് കിഷോര്‍ മുന്നോട്ട് വെക്കുന്നത്.

17 സംസ്ഥാനങ്ങളിലായി 358 ലോക്സഭാ സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് ശ്രദ്ധേ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അഞ്ചു സംസ്ഥാനങ്ങളിലെ 168 സീറ്റുകളില്‍ അതാത് ഇടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കണമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 17 സീറ്റുകളില്‍ ചെറുപാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെടണമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ എന്‍.സി.പി, ആന്ധ്രപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, തമിഴ്നാട്ടില്‍ ഡി.എം.കെ, ജാര്‍ഖണ്ഡില്‍ ജെ.എം.എം എന്നിവരുമായുള്ള സഖ്യമാണ് നിര്‍ദേശിച്ചിട്ടുള്ളത്.

Content Highlights: Prashant Kishor’s Congress “Reincarnation” Plan: Exclusive Details