ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ ഒരു വിള്ളല്‍ ഉണ്ടാവാതിരിക്കാനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം നീട്ടാനുള്ള കാരണമെന്നാണ് വിവരം.
പാര്‍ട്ടിയില്‍ ഉന്നത പദവിയാണ് പ്രശാന്ത് കിഷോര്‍ പ്രതീക്ഷിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം നല്‍കുന്ന സൂചന. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ ഈ ആവശ്യത്തോട് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് പാര്‍ട്ടിയുടെ തന്ത്രജ്ഞനായി അദ്ദേഹത്തെ ആവശ്യമാണ്. പക്ഷേ അദ്ദേഹത്തിന് ഉന്നത പദവി നല്‍കുന്നത് പാര്‍ട്ടിയില്‍ വിള്ളലുകളുണ്ടാക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വാദം.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതുവരെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം രാഹുലിനും പ്രിയങ്കയും പ്രശാന്ത് കിഷോറിന് ഉന്നത പദവി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ സഹായം ഒഴിവാക്കാന്‍ പറ്റുന്നതല്ല. അദ്ദേഹത്തിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് തയ്യാറാക്കുന്നുമുണ്ട്.