അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവ് പദവിയില്‍ നിന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാജിവെച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചതായി അദ്ദേഹം പറഞ്ഞു.
‘പൊതുജീവിതത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനം കണക്കിലെടുത്ത്, നിങ്ങളുടെ മുഖ്യ ഉപദേഷ്ടാവ് എന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് കഴിയില്ല.
ഭാവി പ്രവര്‍ത്തനത്തെക്കുറിച്ച് ഞാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ദയാപൂര്‍വം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ പ്രശാന്ത് കിഷോര്‍ കത്തില്‍ പറയുന്നു.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളായിരുന്നു പ്രശാന്ത് കിഷോര്‍. ബംഗാളിനുശേഷം താന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിരമിക്കുന്നുവെന്ന് പ്രശാന്ത് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു.