| Wednesday, 1st January 2020, 1:07 pm

'സാഹചര്യങ്ങള്‍ കൊണ്ടു മാത്രമാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായത്'; ബി.ജെ.പി നേതാവിനെതിരെ പ്രശാന്ത് കിഷോര്‍; സഖ്യകക്ഷി നേതാക്കള്‍ തമ്മില്‍ പരസ്യപ്പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബിഹാറില്‍ ജെ.ഡി.യു ഉപാധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറും ബി.ജെ.പി നേതാക്കളും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ഇപ്പോള്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയും പ്രശാന്തും തമ്മില്‍ പരസ്യമായി പോര് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും പ്രമുഖനായ നേതാവാണ് സുശീല്‍.

പ്രശാന്ത് നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ കച്ചവട താത്പര്യങ്ങള്‍ കൊണ്ടാണെന്നും അതു പ്രതിപക്ഷത്തെ സഹായിക്കുന്നുണ്ടെന്നും സുശീല്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ സുശീലിനെ പരിഹസിച്ചുകൊണ്ട് പ്രശാന്തിന്റെ ട്വീറ്റ് എത്തിയിരിക്കുകയാണ്.

പ്രശാന്തിന്റെ പേരെടുത്തു പറയാതെയായിരുന്നു സുശീല്‍ നടത്തിയ പ്രസ്താവന. സാഹചര്യങ്ങള്‍ കൊണ്ടു മാത്രമാണ് സുശീല്‍ കുമാറിന് 2017-ല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളുടെ നിശിത വിമര്‍ശകന്‍ കൂടിയായ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്നു പലതവണ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടപ്പോഴും ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ അതു ചെവിക്കൊള്ളാത്തതിലും അമര്‍ഷം പുകയുന്നുണ്ട്.

ഇതിനു പിന്നാലെയാണ് സുശീല്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പ്രശാന്തിനെതിരെ നേരിട്ടു രംഗത്തുവരാന്‍ തീരുമാനിച്ചത്.

പ്രശാന്തിന്റെ ഐ.പി.എ.സി എന്ന സ്ഥാപനം ബി.ജെ.പിയുടെ രാഷ്ട്രീയ ശത്രുക്കളായ മമതാ ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രബാബു നായിഡു എന്നിവരെ വിവിധ ഘട്ടങ്ങളില്‍ സഹായിച്ചെന്നതാണ് അവരെ രോഷാകുലരാക്കുന്നത്. 2014-ല്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ഐ.പി.എ.സി കൈകോര്‍ത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുശീലിനെക്കൂടാതെ അദ്ദേഹത്തിന്റെ വിശ്വസ്തരും മന്ത്രിമാരുമായ സുരേഷ് ശര്‍മ, പ്രമോദ് കുമാര്‍, എം.എല്‍.സി കിഷോര്‍ യാദവ്, എം.എല്‍.എ നിതിന്‍ നബിന്‍ എന്നിവരും പ്രശാന്തിനെതിരായ രാഷ്ട്രീയനീക്കത്തില്‍ അണിചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more