പട്‌ന: ബിഹാറില്‍ ജെ.ഡി.യു ഉപാധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറും ബി.ജെ.പി നേതാക്കളും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ഇപ്പോള്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയും പ്രശാന്തും തമ്മില്‍ പരസ്യമായി പോര് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും പ്രമുഖനായ നേതാവാണ് സുശീല്‍.
പ്രശാന്ത് നടത്തുന്ന പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ കച്ചവട താത്പര്യങ്ങള്‍ കൊണ്ടാണെന്നും അതു പ്രതിപക്ഷത്തെ സഹായിക്കുന്നുണ്ടെന്നും സുശീല്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ സുശീലിനെ പരിഹസിച്ചുകൊണ്ട് പ്രശാന്തിന്റെ ട്വീറ്റ് എത്തിയിരിക്കുകയാണ്.
പ്രശാന്തിന്റെ പേരെടുത്തു പറയാതെയായിരുന്നു സുശീല്‍ നടത്തിയ പ്രസ്താവന. സാഹചര്യങ്ങള്‍ കൊണ്ടു മാത്രമാണ് സുശീല്‍ കുമാറിന് 2017-ല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തങ്ങളുടെ നിശിത വിമര്‍ശകന്‍ കൂടിയായ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്നു പലതവണ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ബി.ജെ.പി ആവശ്യപ്പെട്ടപ്പോഴും ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ അതു ചെവിക്കൊള്ളാത്തതിലും അമര്‍ഷം പുകയുന്നുണ്ട്.