| Tuesday, 13th July 2021, 5:37 pm

ദല്‍ഹിയില്‍ കരുനീക്കങ്ങള്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൂടിക്കാഴ്ച.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, ഹരിഷ് റാവത്ത് എന്നിവരും ചര്‍ച്ചയില്‍ ഭാഗമായിരുന്നു. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് ഹൈക്കമാന്റിന്റെ നീക്കം.

ഇടഞ്ഞ് നില്‍ക്കുന്ന ഇരുനേതാക്കളേയും ഒരുമിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.

അമരീന്ദര്‍ സിംഗിന്റെ രാഷ്ട്രീയ ഉപദേഷ്ടാവാണ് പ്രശാന്ത് കിഷോര്‍. ഹരിഷ് റാവത്തിനാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല.

കഴിഞ്ഞ ആഴ്ച പ്രശാന്ത് കിഷോറും അമരീന്ദര്‍ സിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാസത്തിനിടെ നിരവധി തവണ അമരീന്ദര്‍ സിംഗ് ദല്‍ഹിയിലെത്തി ഹൈക്കമാന്റ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഏറെ ജനകീയ അടിത്തറയുള്ള നേതാവാണ്. ബി.ജെ.പിയിലും ആം ആദ്മി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച ശേഷമാണ് സിദ്ദു കോണ്‍ഗ്രസില്‍ എത്തുന്നത്. ഇദ്ദേഹത്തിനും സ്വീകാര്യതയ്ക്ക് ഒട്ടും കുറവില്ല.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പ്രിയപ്പെട്ടവനായിരുന്ന സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വളരെ പെട്ടെന്നാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.

പിന്നീട് മന്ത്രിസ്ഥാനം രാജിവച്ച സിദ്ദു ക്യാപ്റ്റനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സിദ്ദുവിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനുള്ളിലും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി തലവനായി സിദ്ദുവിനെ നിയമിക്കാമെന്ന് ഹൈക്കമാന്റ് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prashant Kishor meets Congress leaders Rahul, Priyanka Gandhi

We use cookies to give you the best possible experience. Learn more