പറ്റ്‌ന: കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ചതിനു പിന്നാലെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി തുടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പുതിയ പാര്‍ട്ടിയുമായ ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും പ്രശാന്ത് കിഷോര്‍ നടത്തിയിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് വേണ്ടയല്ല വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബീഹാറില്‍ ജന്‍സുരാജ് എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ നടത്താന്‍ താന്‍ ഒരുങ്ങുകയാണെന്നും ബീഹാറിന്റെ വികസനം ജനങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
അടുത്ത നാല് മാസം ജനങ്ങളുമായി സംവദിക്കും. സെപ്റ്റംബര്‍ വരെ ജന്‍സുരാജ് ക്യാമ്പയിന്‍ നടത്തും. ഒക്ടോബറില്‍ ബീഹാറില്‍ 3000 കിലോമീറ്റര്‍ പദയാത്ര നടത്തുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബീഹാറില്‍ വികസനം എന്തെന്ന് ജനം അറിഞ്ഞിട്ടില്ലെന്നും ബീഹാറില്‍ മാറ്റം വേണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ലാലു പ്രസാദും നിതീഷും ഭരിച്ചിട്ടും കാര്യമുണ്ടായില്ല. ബീഹാറില്‍ മാറ്റം വേണം.
മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒന്നിച്ചു നില്‍ക്കണമെന്നും പുതിയ ആശയങ്ങള്‍ക്കേ ബീഹാറിനെ മുന്നോട്ടു നയിക്കാനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ വിവിധ തുറകളില്‍നിന്നുള്ളവരുടെ പ്രതികരണം തേടി ‘ജന്‍ സുരാജ്’ എന്നപേരില്‍ പ്രചാരണം തുടങ്ങുകയാണ് പ്രശാന്ത് കിഷോര്‍. യഥാര്‍ഥ യജമാനന്മാരായ ജനങ്ങളുടെയടുത്തേക്ക് പോകാന്‍ സമയമായെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തിരുന്നു.
ബിഹാറിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ ലക്ഷ്യമാക്കി നടത്തുന്ന ‘ജന്‍ സുരാജ്’ പ്രചാരണം വഴി ജനകീയാവശ്യങ്ങളിലേക്ക് നേരിട്ടെത്താനാണ് പ്രശാന്ത് കിഷോര്‍ ശ്രമിക്കുന്നത്. ഇതിനായി സാമൂഹിക പ്രവര്‍ത്തകര്‍, സംരംഭകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള നൂറോളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവരെയെല്ലാം നേരില്‍ക്കാണും. ഇതിന് പുറമേ സംസ്ഥാന രാഷ്ട്രീയരംഗത്തുള്ള ചിലനേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നുമാണ് അറിയുന്നത്.
നേരത്തേ പ്രശാന്ത് ജെ.ഡി.(യു.)യില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ‘ജന്‍ സുരാജ്’ പ്രചാരണത്തിലൂടെ ബിഹാറില്‍ അധികാരത്തിലുള്ള എന്‍.ഡി.എ. മുന്നണിക്കെതിരെ ഒരു പടയൊരുക്കമാണ് പ്രശാന്ത് കിഷോര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് ഒരാഴ്ച തികയും മുന്‍പാണ് പ്രശാന്ത് നിര്‍ണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങുന്നത്.