കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി മൂന്നക്കം തൊടില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബി.ജെ.പിക്ക് പശ്ചിമ ബംഗാളില്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം മൂന്നക്കം കടക്കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന ജോലി തന്നെ രാജിവെക്കുമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമായും അഞ്ച് തന്ത്രങ്ങളാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി തെരഞ്ഞെടുത്തത്
1. ധ്രൂവീകരണം
2. മമത ബാനര്‍ജിയെ അപകീര്‍ത്തിപ്പെടുത്തുക
3. തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമം
4. പട്ടികജാതി വിഭാഗങ്ങളുടെ പിന്തുണ നേടുക
5. മോദിയുടെ പോപ്പുലാരിറ്റി പശ്ചിമ ബംഗാളിലും ഉപയോഗപ്പെടുത്തുക
ഈ അഞ്ച് തന്ത്രങ്ങളില്‍ അധിഷ്ഠിതമായായിരുന്നു പശ്ചിമ ബംഗാളില്‍ ബി.ജെ.പി പ്രചരണം നടത്തിയതെങ്കിലും ഇവ പൂര്‍ണ തോതില്‍ വിജയിക്കില്ല എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഈ അഞ്ചു തന്ത്രങ്ങളിലും ഭാഗികമായി വിജയിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചെങ്കിലും ബംഗാളിലെ ഘടകങ്ങള്‍ വ്യത്യസ്തമായതുകൊണ്ട് തന്നെ മൂന്നക്കം കടക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.
ബംഗാളില്‍ ധ്രുവീകരണം എന്ന ബി.ജെ.പിയുടെ തന്ത്രം വിജയിക്കണമെങ്കില്‍ ഭൂരിപക്ഷ വോട്ടിന്റെ 60 ശതമാനത്തെ ബി.ജെ.പിക്ക് തങ്ങളോടൊപ്പം നിര്‍ത്താന്‍ സാധിക്കണം. പക്ഷേ ബംഗാളില്‍ 60 ശതമാനം പേരും ഈ ധ്രുവീകരണ തന്ത്രത്തില്‍ വീണിട്ടില്ല എന്നുള്ളത് കൃത്യമാണ്. അതുകൊണ്ട് തന്നെ ധ്രുവീകരണം എന്ന ബി.ജെ.പിയുടെ തുറുപ്പ് ചീട്ട് പശ്ചിമ ബംഗാളില്‍ യു.പിയിലോ ഗുജറാത്തിലോ നടന്നത് പോലെ വിജയകരമാകില്ല, പ്രശാന്ത് കിഷോര്‍ പറഞ്ഞു.
മമതയെ തകര്‍ക്കുക എന്ന തന്ത്രത്തിലും പൂര്‍ണമായും വിജയം കൈവരിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. പത്ത് വര്‍ഷമായുള്ള സര്‍ക്കാര്‍ എന്ന തലത്തില്‍ മമതയ്‌ക്കെതിരെ ജനരോഷം പലയിടത്തും ഉണ്ട്. പക്ഷേ ഭൂരിപക്ഷം ഇപ്പോഴും മമത ബാനര്‍ജിയില്‍ വിശ്വിസിക്കുന്നവര്‍ തന്നെയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
തൃണമൂലിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ പശ്ചിമ ബംഗാളില്‍ ഇറങ്ങിയ ബി.ജെ.പിക്ക് മുപ്പതോളം എം.എല്‍.എമാരെ കൊണ്ടു പോകാന്‍ സാധിച്ചെങ്കിലും തൃണമൂല്‍ ഇപ്പോഴും 230 എം.എല്‍.എമാരുള്ള ശക്തമായ പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിരോധം പശ്ചിമ ബംഗാളിലെ പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ട്. മോദി പോപ്പുലറായി നേതാവണെന്ന് താന്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ പശ്ചിമ ബംഗാളില്‍ മോദിയുടെ ഈ ജനപിന്തുണ കൊണ്ട് മാത്രം കാര്യമില്ല. അവിടെ മമത തന്നെയാണ് ജനകീയ നേതാവ് എന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു.