'എനിക്കയാളെ ശരിക്കറിയില്ല'; കോപ്പിയടി വിവാദത്തില്‍നിന്നും ഒഴിഞ്ഞുമാറി പ്രശാന്ത് കിഷോര്‍; ഇമെയില്‍ സന്ദേശങ്ങള്‍ തുറന്നുകാട്ടി ഗൗതം
national news
'എനിക്കയാളെ ശരിക്കറിയില്ല'; കോപ്പിയടി വിവാദത്തില്‍നിന്നും ഒഴിഞ്ഞുമാറി പ്രശാന്ത് കിഷോര്‍; ഇമെയില്‍ സന്ദേശങ്ങള്‍ തുറന്നുകാട്ടി ഗൗതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th March 2020, 10:40 pm

പാറ്റ്‌ന: കോപ്പിയടി വിവാദത്തില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ചിരിക്കുന്ന ‘ബാത് ബീഹാര്‍ കി’ എന്ന പ്രചരണ ആശയം താന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ‘ബിഹാര്‍ കി ബാത്’ കോപ്പിയടിച്ചതാണെന്നാണ് ആരോപിച്ച് മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ശശ്വാന്ത് ഗൗതം രംഗത്തെത്തിയിരുന്നു. തനിക്ക് ശശ്വാന്ത് ഗൗതം എന്നയാളെ ശരിക്ക് അറിയുകപോലുമില്ലെന്നാണ് പ്രശാന്തിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് ശശ്വാന്ത് എന്നയാളെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം ദ പ്രിന്റിനോട് പറഞ്ഞു.

പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ചിരിക്കുന്ന ‘ബാത് ബീഹാര്‍ കി’ എന്ന പ്രചരണ ആശയം താന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ‘ബിഹാര്‍ കി ബാത്’ കോപ്പിയടിച്ചതാണെന്നാണ് ഗൗതം ആരോപിക്കുന്നത്. 2015ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ സഹായിയായിരുന്ന തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞയിരുന്നു താനെന്നും ശശ്വാന്ത് ഗൗതം അവകാശപ്പെട്ടിരുന്നു.

യു.എസിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയ ഗൗതം കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളുടെ ചുമതലയിലാണിപ്പോള്‍. പ്രശാന്ത് കിഷോറിനെതിരെ ഐ.പി.സി സെക്ഷന്‍ 420, 406 എന്നിവ ഉള്‍പ്പെടുത്തി പരാതി നല്‍കി. വഞ്ചനയും വിശ്വാസ ലംഘനവും ആരോപിച്ച് പ്രശാന്ത് കിഷോറിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

പരാതിയില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പ്രശാന്തിന്റെ അഭിഭാഷകന്‍ നീക്കം നടത്തിയെങ്കിലും പാറ്റ്‌ന ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളി. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

2015ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറും ശഷ്വാത് ഗൗതവും നിതീഷ് കുമാറിനുവേണ്ടി പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. താനും പ്രശാന്തും നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഇമെയില്‍ സന്ദേശങ്ങള്‍ തെളിവായി തന്റെ പക്കലുണ്ടെന്നും ശശ്വാന്ത് ഗൗതം പറഞ്ഞു.

ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി താന്‍ അവതരിപ്പിച്ച ബീഹാര്‍ കി ബാത് പ്രശാന്ത് കോപ്പിയടിച്ചെന്നാണ് ഗൗതമുയര്‍ത്തുന്ന ആരോപണം. ‘ബീഹാര്‍ കി ബാത്’ എന്ന വെബ് അഡ്രസ് താന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന് ശേഷം ഒരു മാസം കഴിഞ്ഞാണ് പ്രശാന്ത് ‘ബാത് ബീഹാര്‍ കി’ എന്ന പേരില്‍ പ്രചരണ പരിപാടിയുമായി രംഗത്തെത്തുന്നതെന്നും ഗൗതം പറഞ്ഞു.

നിതീഷ് കുമാറിന്റെ ജെ.ഡി.യുവില്‍ നിന്ന് പുറത്ത് പോയതിന് ശേഷമാണ് പ്രശാന്ത് കിഷോര്‍ ‘ബീഹാര്‍ കി ബാത്ത്’എന്ന പേരില്‍ ക്യാംപയിന്‍ ആരംഭിക്കുന്നത്. ബീഹാറിനെ രാജ്യത്തെ പത്ത് മികച്ച സംസ്ഥാനങ്ങളില്‍ ഒന്നാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ക്യാംപയിന്‍ ആരംഭിച്ചത്. പ്രധാനമായും യുവാക്കളാണ് ക്യാംപയിനു പിന്തുണയുമായി എത്തിയിട്ടുള്ളത്

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ