'ഇവര്‍ക്ക് ഇന്റര്‍നാഷണല്‍ സ്പൂണ്‍ ജേണലിസം അവാര്‍ഡെങ്കിലും കൊടുക്കണം'; മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് പ്രശാന്ത് കനോജിയ
India
'ഇവര്‍ക്ക് ഇന്റര്‍നാഷണല്‍ സ്പൂണ്‍ ജേണലിസം അവാര്‍ഡെങ്കിലും കൊടുക്കണം'; മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് പ്രശാന്ത് കനോജിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2019, 4:23 pm

ന്യൂദല്‍ഹി: എന്‍.ഡി.ടി.വി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ അര്‍ണബ് ഗോസ്വാമിയുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷപരിഹാസവുമായി മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ.

റിപ്ലബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമി, ആജ് തക് മാധ്യമപ്രവര്‍ത്തക ശ്വേത സിങ്, സീന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ സുധീന്‍ ചൗധരി, ഇന്ത്യാ ടിവി മാധ്യമ പ്രവര്‍ത്തകന്‍ രജത് ശര്‍മ തുടങ്ങിയവരുടെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് കനോജിയയുടെ പരിഹാസം. നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്വിറ്റ് ചെയ്‌തെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് പ്രശാന്ത് കനോജിയ

രവീഷ് കുമാറിന് മാഗ്‌സസെ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ഇനി ബാക്കിയുള്ളത് ഇന്റര്‍നാഷണല്‍ സ്പൂണ്‍ ജേണലിസം പുരസ്‌കാരമാണ്. നിങ്ങളുടെ ഈ വളര്‍ത്തുനായ്ക്കളെ സര്‍ക്കാര്‍ വിഷമിപ്പിക്കരുത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഈ തീരുമാനം എടുക്കണം- എന്നായിരുന്നു പ്രശാന്ത് ട്വിറ്ററില്‍ കുറിച്ചത്.

‘എല്ലാ അവസരവും ലഭിച്ചു, പക്ഷേ ചിലര്‍ പേന കൈയില്‍ ഏന്തി, മറ്റുചിലര്‍ താമരയും’ എന്നായിരുന്നു പ്രശാന്തിന്റെ മറ്റൊരു ട്വീറ്റ്.

മാഗ്‌സസെ പുരസ്‌കാര പ്രഖ്യാനം കേട്ട് പൊട്ടിക്കരയുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്ന രീതിയില്‍ ഒരു വീഡിയോ ട്രോളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ഞങ്ങളെ കാണാതെ പോയത് എന്ന് മോദിയോട് മാധ്യമപ്രവര്‍ത്തകന്‍ പരാതി പറയുന്ന രീതിയിലുള്ള ട്രോളുകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

മാധ്യപ്രവര്‍ത്തകന്‍ ഒരു പി. ആര്‍ ജോലിയോ അല്ലെങ്കില്‍ ഒരു പാര്‍ട്ടി വക്താവിന്റെ ജോലിയോ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രയോജനം? സംപിത് പത്രയെപ്പോലുള്ളവരുടെ ജോലി ഇല്ലാക്കാനാണോ ഇവര്‍ ആഗ്രഹിക്കുന്നത്- എന്നായിരുന്നു പ്രശാന്തിന്റെ പരിഹാസ രൂപേണയുള്ള ചോദ്യം.

ജൂണ്‍ 12 ാം തിയതിയാണ് യോഗി ആദിത്യനാഥിനെതിരെയുള്ള ട്വീറ്റിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രശാന്ത് കനോജിയയെ പൊലീസ് വിട്ടയച്ചത് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ജാമ്യം നല്‍കിയത്.

എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കനോജിയയെ അറസ്റ്റ് ചെയ്തതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. യോഗിയ്‌ക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ 11 ദിവസമായിരുന്നു കനോജിയ ജയിലില്‍ കഴിഞ്ഞത്.

കനോജിയയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്തിനാണ് ഇത്തരമൊരു കേസില്‍ 11 ദിവസം റിമാന്‍ഡിലിടുന്നതെന്ന് ചോദിച്ച കോടതി ഇത് ശരിയായ നിലപാടല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.