|

നഫീസുമ്മയാണ് ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പ്രതീക്ഷ, സഖാഫിമാരല്ല

പ്രശാന്ത് ഗീത അപുല്‍

നിങ്ങളെന്തിനാണ് എവിടെയും ജാതി അന്വേഷിക്കുന്നത്? ഇദ്ദ കാലയളവ് കഴിഞ്ഞാല്‍ ഭര്‍ത്താവ് മരിച്ച് സ്ത്രീക്ക് വീണ്ടും വിവാഹം ചെയ്യാം എന്നതത്രേ ഇസ്‌ലാമിക മത നിയമം അനുശാസിക്കുന്നത്. എന്നിട്ടും നഫീസുമ്മക്ക് എതിരെ ഒരു ‘ മുസ്‌ലിം മത പണ്ഡിതന്‍ ‘ ഇറങ്ങി തിരിക്കുന്നതെന്ത് കൊണ്ടാണ് എന്ന് ആരെങ്കിലും ചോദിച്ചോ?. വിധവയായ, കച്ചവടം ചെയ്യുന്ന(മൂലക്കല്ലാതെ പുറത്തിറങ്ങുന്ന) സ്ത്രീയെയാണ് നബി വിവാഹം കഴിച്ചത്. എന്നിട്ടും ഇതെങ്ങനെ പറയുന്നു.

വൈധ്യവം എന്നത് ബ്രാഹ്‌മണിക സംസ്‌കാരത്തിന്റെ തിരുശേഷിപ്പാണ്.

നിങ്ങള്‍ക്ക് ദഹിക്കാത്ത കുറച്ചു കാര്യങ്ങള്‍ പറയാം. കന്യാകാത്വം പോലെ ശരീരാവസ്ഥയില്‍ വ്യത്യാസം വരുന്നതിന്റെ കണികപോലും ഇല്ലാത്ത ഒരവസ്ഥയാണ് വൈധവ്യം, വൈധവ്യത്തില്‍ സത്യത്തില്‍ സ്ത്രീയുടെ സാമൂഹികാവസ്ഥയില്‍ മാത്രമേ മാറ്റമുണ്ടാകുന്നുള്ളു. ഇത് ഓര്‍മ്മ വേണം. ഇതിനെ ഇത്രമാത്രം വലിയൊരു മാറ്റമായി ഇന്ത്യന്‍ സമൂഹം കണ്ടു തുടങ്ങിയത് എപ്പോഴാണ്.

പണ്ടത്തെ നായരച്ചിമാര്‍ക്ക് വൈധവ്യം എന്നൊരു അവസ്ഥയെ ഉണ്ടായിരുന്നില്ല. എതെങ്കിലും ഭര്‍ത്താവ് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകും. വൈധ്യവം എന്നത് ബ്രാഹ്‌മണിക സംസ്‌കാരത്തിന്റെ തിരുശേഷിപ്പാണ്. വര്‍ണ്ണ സങ്കരമില്ലാത്ത വിധം എല്ലാ മനുഷ്യരും എക പതി/പത്‌നി വ്രതരായിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഉണ്ടാക്കിയ ഒരു സാംസ്‌കാരിക (അ)ധാര്‍മ്മിക മൂല്യവ്യവസ്ഥയുടെ ഭാഗമാണ് വൈധവ്യം എന്നത്.

ഒരു സ്ത്രീയുടെ ജീവിതം അവളുടെ ഭര്‍ത്താവിന്റെ മരണത്തോടെ തീരുന്നു എന്നും, അവള്‍ ഇനി മറ്റൊരാളുമായി സംഭോഗിച്ച് സമൂഹത്തിലെ എകപതി/പത്‌നി വ്രതത്തിന് ഭംഗം വരുന്നില്ല എന്നുറപ്പാക്കാനായി ബ്രാഹ്‌മണ്യ സംസ്‌കാരത്തില്‍ ഉരുത്തിരിഞ്ഞ് വന്ന ഒരു സാംസ്‌കാരിക പ്രക്രിയ.

അംബേദ്ക്കറുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാവരും സ്വജാതി വിവാഹം ചെയ്യുന്നു എന്നും, എല്ലാവരും എക പങ്കാളികളാണെന്ന് ഉറപ്പാക്കാനും പങ്കാളി മരിക്കുന്നതോടെ കൂടുതലായി വരുന്ന Surplus Man/Women എന്നിവര്‍ വഴിയുള്ള വര്‍ഗ്ഗ സങ്കരം ഒഴിവാക്കാനുമായി ഭര്‍ത്താവിന്റെ മരണത്തോടെ സ്ത്രീയുടെ ലൈംഗീകത അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയ പരിപാടിയാണ് വൈധ്യവം, ആണുങ്ങള്‍ക്ക് ഇത് സന്യാസമാണ്‌.

അതിന്റെ ഭാഗമായി വിധവകളായ സ്ത്രീകളുടെ സാമൂഹിക ജീവിതം റദ്ദ് ചെയ്ത് അവരെ രാമാനാമം ചൊല്ലിച്ച് മൂലക്കിരുത്തുക എന്ന നയമാണ് സ്വീകരിക്കപ്പെട്ടത്, മറ്റു സംസ്‌കാരങ്ങള്‍ ഇവിടെ വന്നതോടെ ഇത്തരം പ്രായം കുറഞ്ഞ വിധവകള്‍ വിവാഹം വഴി വര്‍ഗ്ഗ സങ്കരം ഉണ്ടാക്കുന്നു എന്നതാണ് സതിയിലേക്ക് അവരെ തള്ളി വിട്ട് കൊണ്ടിരുന്നത് എന്നത് മറ്റൊരു ചരിത്രം.

ആ ഗായിക പിന്നീടൊരിക്കലും ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവര്‍ സ്വയം വൈധവ്യം ഏറ്റു വാങ്ങുകയായിരുന്നു.

1829 ല്‍ സതി നിരോധിച്ചാലും വിധവവിവാഹ നിയമം കൊണ്ടു വരുന്നത് 1850 ലാണ്. അതിന് നേരെ വ്യാപകമായ പ്രതിഷേധമാണ് അന്നത്തെ സവര്‍ണര്‍ അഴിച്ചു വിട്ടത്. പിന്നെയും അത് നടപ്പിലാകാന്‍ 50 വര്‍ഷം വേണ്ടി വന്നു. കേരളത്തിലെ ആദ്യ നമ്പൂതിരി വിധവാ വിവാഹം നടക്കുന്നത് 1934ലാണ്.എം.ആര്‍.ബിയും ഉമാ അന്തര്‍ജ്ജനവും തമ്മില്‍.

അതിനര്‍ത്ഥം കേരളത്തിലെ വിധവകള്‍ അതിനുമുമ്പ് വിവാഹം ചെയ്തിരുന്നില്ല എന്നല്ല. മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ ഈ വൈധവ്യം എന്ന ടാബു തന്നെ ഉണ്ടായിരുന്നില്ല. അവര്‍ സാധാരണ വിധവകളെന്നോ കന്യകയെന്നോ നോക്കാതെ വിവാഹം കഴിച്ചിരുന്നു എന്ന് വേണം അനുമാനിക്കാന്‍.

എം.എസ്. സുബ്ബലക്ഷ്മി

ഇനി അല്പം കൂടി മൂന്നോട്ട് വന്നാല്‍ ലോക പ്രശ്‌സതയായ സംഗീതഞ്ജയാണ് എം.എസ്. സുബ്ബലക്ഷ്മി. അവരുടെ നേട്ടങ്ങളെ കുറിച്ച് എഴുതുന്നില്ല. എന്നാല്‍ 1997 ല്‍ സുബലക്ഷ്മിയുടെ ഭര്‍ത്താവ് കല്‍ക്കി സദാശിവം മരിക്കുന്നു. അതോടെ അവരുടെ പൊതു ജീവിതം അവര്‍ അവസാനിപ്പിക്കുന്നു. ആ ഗായിക പിന്നീടൊരിക്കലും ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവര്‍ സ്വയം വൈധവ്യം ഏറ്റു വാങ്ങുകയായിരുന്നു.

എം.എസ്. പൊന്നുതായി

ഇനി മറ്റൊരു എം.എസിന്റെ കഥ പറയാം, എം.എസ്. പൊന്നുതായി. ഇവര്‍ വായ്പ്പാട്ടല്ല, നാദസ്വര വിദുഷിയാണ് 13-ാം വയസ്സില്‍ അരങ്ങേറ്റം, പ്രശ്‌സതരായ സംഗീതജ്ഞരുമായി കോളാബ്, റേഡിയോയിലെ സ്ഥിരം ആര്‍ട്ടിസ്റ്റ്, കലൈമാമണി അവാര്‍ഡ്ഡ് തുടങ്ങി പലനേട്ടങ്ങളും സ്വന്തമായ അവരെ അവസാനം കാണുന്നത് മധുര ക്ഷേത്രത്തിനടുത്തെ ഒരു കുടുസ്സു മുറിയിലാണ്.

അള്‍സറും, കിഡ്‌നി രോഗവും കൊണ്ട് അവര്‍ അവസാനകാലത്ത് കഷ്ടപെടുമ്പോള്‍ അവരുടെ ചിലവുകള്‍ നടത്താന്‍ മകന്‍ കഷ്ടപെടുകയായിരുന്നു. മക്കളോക്കെ ഒരു നിലയിലെത്തും മുമ്പേ അവരുടെ ഭര്‍ത്താവ് 1973 ല്‍ മരണപെട്ടു. അതോടെ അവരെ ആരും പരിപാടിക്ക് വിളിക്കാതെയായി 2012 ല്‍ ദാരിദ്ര്യത്തില്‍ അവര്‍ മരിക്കുമ്പോള്‍ അവരുടെ മകന്‍ പറഞ്ഞത് ‘അമ്മ ഒരു അമംഗള സ്ത്രീ ആയത് കൊണ്ട് മംഗളവാദ്യം വായിക്കാന്‍ കല്യാണത്തിനോ മറ്റോ ആരും വിളിക്കാതെ ആയി’ എന്നാണ്. സുബലക്ഷ്മി വൈധവ്യം എറ്റെടുക്കുകയായിരുന്നു എങ്കില്‍ പൊന്നുതായിയില്‍ അത് അടിച്ചേല്‍പ്പിക്കുകയായിരുന്നു.

കൊല്ലം സുധിയും പങ്കാളിയും

ഇനി ഇന്നിലേക്ക് വരാം, കൊല്ലം സുധിയുടെ ഭാര്യ ഒരു കവര്‍ സോങ്ങിടുമ്പോള്‍ അവര്‍ക്ക് ചെയ്ത് കൊടുത്ത സഹായത്തിന്റെ കണക്കുമായി ആളുകള്‍ വരുന്നതും നെറ്റി ചുളിക്കുന്നതും ഇതേ വൈധവ്യത്തിന്റെ ഭാരവുമായിട്ടാണ്.

എന്തുകൊണ്ടാണ് സുധിയുടെ മരണത്തിന് ശേഷം കൊടുക്കുന്ന വീട് മക്കളുടെ മാത്രം പേരിലാണ് എന്ന് ആണയിടേണ്ടി വരുന്നത്. അത് ഭാര്യക്ക് കൂടി കൊടുത്ത് അവര്‍ ഇനി പുനര്‍ വിവാഹം ചെയ്താല്‍ എന്താണ് കുഴപ്പം? 2025ലും 10-ാംനൂറ്റാണ്ടിന്റെ പഴക്കമുള്ള മനസ്സുമായി ജീവിക്കുന്നതിന്റെ പേരാണ് ബ്രാഹ്‌മണിക അകള്‍ച്ചറൈസേഷന്‍. ബ്രാഹ്ണരുടെ വൈധവ്യം എന്തോ വലിയകാര്യമായി ആളുകള്‍ കാണുന്നു എന്നിടത്താണ് അതിന്റെ (അ) ധാര്‍മ്മിക മൂല്യങ്ങള്‍ വിളിച്ചു കൂവുന്നത്.

നഫീസുമ്മ

മതം തിരിച്ച് പറയുമ്പോളും, തല കെട്ടിയിട്ടാണെങ്കിലും ആ ഉസ്താദും പറയുന്നത് ഇതേ ബ്രാഹ്‌മണിക വൈധ്യവത്തിന്റെ മൂല്യമാണ്. അത് കൊണ്ടാണ് ദിക്‌റും സ്വലാത്തു ചൊല്ലി മൂലയ്ക്കിരിക്കാന്‍ അയാള്‍ പറയുന്നത്. അയാള്‍ ഇസ്‌ലാമാണെങ്കിലും മതം പറയുന്നത് വ്യത്യസ്തമാണെങ്കിലും അയാളുടെ ധാര്‍മ്മിക മൂല്യം തികച്ചും ബ്രാഹ്‌മണികമാണ്. അത് അയാളെ തന്നെ ഇല്ലാതാക്കുന്ന ഒരു മൂല്യവ്യവസ്ഥയാണ് എന്ന് ആ മണ്ടന്‍ മനസ്സിലാക്കുന്നില്ല.

ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

അതുകൊണ്ട് നഫീസുമ്മ ഇനിയും യാത്രപോയി മഞ്ഞുവാരി കളിക്കേണ്ടത് മുസ്‌ലിങ്ങളുടെ നിലനില്‍പ്പിന് കൂടി ആവശ്യമാണ്. ബ്രാഹ്‌മണ്യത്തിന് അടിയറവെച്ച ഇസ്‌ലാം എന്നത് അപരനല്ല, ബ്രാഹ്‌മണര്‍ക്ക് പ്രിയം കൂടിയതാണ്.
സ്ത്രീയെ തളച്ചിടുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്ക് കുറച്ചു കാണുന്നില്ല. ഇസ്‌ലാം മറ്റു കാര്യങ്ങളില്‍ സ്ത്രീ വിരുദ്ധമാകുമ്പോളും വൈധ്യവത്തില്‍ ബ്രാഹ്‌മണ്യമതത്തേക്കള്‍ പുരോഗമനമാണ് എന്ന് പറയാതെ വയ്യ.
ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പ്രതീക്ഷ നഫീസുമ്മയാണ്, സഖാഫിമാരല്ല.

CONTENT HIGHLIGHTS: Prashant Geetha Apul writes on Ibrahim Sakhafi Puzhakathiri who criticized Nafeesumma’s Manali Yatra

പ്രശാന്ത് ഗീത അപുല്‍