ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്ത ഫേസ്ബുക്കിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
മോദി സര്‍ക്കാരിന്റെ പാദസേവകനാണ് സുക്കര്‍ ബര്‍ഗ് എന്നതിന് ഇതിലും വലിയ തെളിവ് വേണോ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചത്.
” മിസ്റ്റര്‍ സുക്കര്‍ബര്‍ഗ്, മോദി സര്‍ക്കാരിന്റെ പാദസേവകനായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ?” പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.
ഞായറാഴ്ചയായിരുന്നു കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഏതാണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് അക്കൗണ്ടുകള്‍ തിരിച്ചു കിട്ടിയത്.
കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകള്‍ ബ്ലോക്ക് ചെയ്തത്.
ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.
ഫേസ്ബുക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് തെളിവുകള്‍ പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്നത് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ് ദളിന് ഫേസ്ബുക്ക് വഴിവിട്ട് സഹായം ചെയ്ത് കൊടുത്തു എന്ന റിപ്പോര്‍ട്ടാണ്.
ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകരമായ സംഘടനയായി ഫേസ്ബുക്കിന്റെ സുരക്ഷാ സംഘം തന്നെ ടാഗ് ചെയ്ത സംഘടനാണ് ബജ്രംഗ് ദളള്‍. എന്നാല്‍ ഫേസ്ബുക്ക് തന്നെ ഈ സംഘടനയ്ക്ക് അനുകൂലമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭരണകക്ഷിയായ ബി.ജെ.പിയുമായി ബന്ധമുള്ള വലതുപക്ഷ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ ഫേസ്ബുക്കിന് ഉള്ള ആശങ്കകളാണ് ബജ്രംഗ് ദളിന് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക