ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന്റെ അന്വേഷണത്തില്‍ പൊലീസ് കാണിക്കുന്നത് വഞ്ചനാപരമായ സ്വാഭാവമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ദല്‍ഹി പൊലീസിന്റെ നടപടികള്‍ ഇത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണമെന്ന നാട്യത്തില്‍ സമാധാനപരമായി പ്രതിഷേധിച്ച ആക്ടിവിസ്റ്റുകള്‍ക്കു നേരെ പൊലീസിന്റെ ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സീതാറാം യെച്ചൂരി, സ്വരാജ് യോഗേന്ദ്ര യാദവ്, ജയതി ഘോഷ്, അപൂര്‍വാനന്ദ്, രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ആരോപിച്ച് അനുബന്ധ കുറ്റംപത്രം ചുമത്തിയതിന് പിന്നാലെ ഉമര്‍ ഖാലിദിന്റെ അറസ്റ്റ് പൊലീസിന്റെ കള്ളക്കളി കൂടുതല്‍ വ്യക്തമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഇദ്ദേത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.
ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ശനിയാഴ്ച സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എക്കണോമിസ്റ്റ് ജയതി ഘോഷ്, ഡി.യു പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്‍ക്കെതിരെയും ദല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രം ചുമത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക