അംബാനിയേയും അദാനിയേയും പറ്റിപ്പിടിച്ച് തഴച്ചുവളരുന്നവരാണോ ഞങ്ങളുടെ കര്‍ഷകരെ തുക്കഡേ-തുക്കഡേ ഗ്യാങ് എന്ന് വിളിക്കുന്നത്; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
Farmer Protest
അംബാനിയേയും അദാനിയേയും പറ്റിപ്പിടിച്ച് തഴച്ചുവളരുന്നവരാണോ ഞങ്ങളുടെ കര്‍ഷകരെ തുക്കഡേ-തുക്കഡേ ഗ്യാങ് എന്ന് വിളിക്കുന്നത്; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 9:17 am

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ തുക്കഡേ-തുക്കഡേ ഗ്യാങ് എന്ന് വിളിച്ച് അധിക്ഷേപിച്ച കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

അംബാനിയേയും അദാനിയേയും പറ്റിപ്പിടിച്ച് തഴച്ചു വളരുന്ന ആളുകളാണോ ഞങ്ങളുടെ കര്‍ഷകരെ തുക്‌ഡേ- തുക്‌ഡേ ഗ്യാങ് എന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ദല്‍ഹിയില്‍ കര്‍ഷരെ തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുമ്പോള്‍ കര്‍ഷകരുടെ ഭൂമി മറ്റുള്ളവര്‍ കൈവശപ്പെടുത്തുമെന്ന് അവരെ ഭയപ്പെടുത്തുകയാണെന്നും  ആരോപിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു.

ഇടത് ചിന്താഗതിയില്‍ വിശ്വസിക്കുന്ന ചിലര്‍ സമരത്തില്‍ ‘നുഴഞ്ഞ്’ കയറി കര്‍ഷകരെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും ആരോപിച്ചിരുന്നു. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമര്‍ ആരോപിച്ചിരുന്നു.

നേരത്തെ, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും കര്‍ഷക പ്രതിഷേധത്തിനെതിരെ രംഗത്തുവന്നിരുന്നു. സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദമായിരുന്നു രവിശങ്കര്‍ ഉയര്‍ത്തിത്.

കര്‍ഷക സമരത്തിന് പിന്നില്‍ തുക്കഡേ തുക്കഡേ ഗ്യാങ്ങുകളാണെന്നും രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ സംസാരിക്കവേ ആരോപിച്ചിരുന്നു.

കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നതോടെ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അര്‍ധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

അതേസമയം വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം തുടരുകയാണ്. നിരവധി വട്ടം കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant Bushan Mocks Central Government, People who thrive on the pieces of Adani and Ambani, today are calling our farmers a piece of gang!