Advertisement
national news
ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതിന് പിന്നില്‍ ചൈന എങ്ങാനുമാണോ; കേന്ദ്രത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 28, 02:36 pm
Wednesday, 28th October 2020, 8:06 pm

ന്യൂദല്‍ഹി: കൊവിഡ് ട്രാക്ക് ചെയ്യാനായി കൊണ്ടുവന്ന ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരാണെന്ന് അറിയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ മറുപടിയെ പരിഹസിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ആരോഗ്യ സേതു ആപ്പ് നിര്‍മിച്ചതിന് പിന്നില്‍ ഇനി ചൈനയായിരിക്കുമോ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചത്.

” വൗ! ‘ആരോഗ്യ സേതു ആപ്പ് ആരാണ് സൃഷ്ടിച്ചത് എന്നതിനെക്കുറിച്ചും അത് എങ്ങനെ സൃഷ്ടിച്ചു എന്നതിനെക്കുറിച്ചും ഇലക്ട്രോണിക്‌സ് മന്ത്രാലയം, എന്‍.ഐസി, എന്‍.ജി.ഡി എന്നിവയ്ക്ക് ഒരു വിവരവുമില്ല: എങ്ങനെയാണ് ഇത് സൃഷ്ടിച്ചത്? ഇനി ചൈനയായിരിക്കുമോ ആപ്പ് സൃഷ്ടിച്ചതിന് പിന്നില്‍,” അദ്ദേഹം ചോദിച്ചു.

വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ആരാണ് ആപ്പ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ആരോഗ്യസേതു ആപ്പിലെ വിവരപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐ.ടി മന്ത്രാലയവുമാണ് ആപ്പ് വികസിച്ചതെന്നാണ് ഉള്ളത്. എന്നാല്‍ വിവരാവകാശ അപേക്ഷയില്‍ ഇക്കാര്യം അറിയില്ലെന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്.

എന്നാല്‍ മന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമല്ലെന്നും വിശദീകരണം നല്‍കണമെന്നും ദേശീയ വിവരാവകാശ കമ്മീഷന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസും കമ്മീഷന്‍ സര്‍ക്കാരിന് അയച്ചിട്ടുണ്ട്.

നേരത്തെ ആരോഗ്യസേതു ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് എത്തിക്കല്‍ ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു. 90 മില്യണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും തന്നെ നേരിട്ട് ബന്ധപ്പെട്ടാല്‍ സുരക്ഷാ വീഴ്ച്ചകള്‍ അറിയിക്കാമെന്നുമാണ് എത്തിക്കല്‍ ഹാക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

ഫ്രഞ്ച് ഹാക്കറായ റോബര്‍ട്ട് ബാപ്റ്റിസ്റ്റാണ് വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണെന്നും എന്‍ക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content highlights:  Prashant Bushan mocks Centaral Government On Arogya Setu App